കൊച്ചി: ബിരുദാനന്തര ബിരുദതല അധ്യാപനത്തിനുള്ള വെയ്‌റ്റേജ് നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് എയ്ഡഡ് കലാലയങ്ങളിലെ ഗസ്റ്റ് അധ്യാപക നിയമനത്തിന് കൂടുതല്‍ വ്യവസ്ഥകള്‍ പുറപ്പെടുവിച്ചു.

കഴിഞ്ഞ അധ്യയനവര്‍ഷം താത്കാലിക അധ്യാപകരായിരുന്ന പലര്‍ക്കും ഇതോടെ തൊഴില്‍ നഷ്ടമാകും. 2700-ലധികം അധ്യാപകതസ്തികകള്‍ ഇല്ലാതായേക്കുമെന്നാണ് സൂചന.

വ്യവസ്ഥകള്‍

* നിലവിലുള്ള അധ്യാപകര്‍ക്കെല്ലാം 16 മണിക്കൂര്‍ വീതിച്ചുകഴിഞ്ഞ് അധ്യാപനസമയം ബാക്കിയുണ്ടെങ്കിലേ ഗസ്റ്റ് അധ്യാപകരെ നിയമിക്കാവൂ.
* പി.ജി.യുടെ ഒരുമണിക്കൂര്‍ ഒന്നരമണിക്കൂറായി കണക്കാക്കിയാണ് നിയമനം നടത്തിയിരുന്നത്. പല പഠനവകപ്പുകളിലെയും ജൂനിയര്‍ അധ്യാപകര്‍ അധികമായ സ്ഥിതിയാണ്. ഇവരെയും 16 മണിക്കൂര്‍ അധ്യാപനത്തിന് നിയോഗിച്ചശേഷവും സമയം അധികം വരുന്നെങ്കിലേ ഗസ്റ്റ് അധ്യാപകരെ പരിഗണിക്കാവൂ.
* അസിസ്റ്റന്റ് പ്രൊഫസറുടെ യോഗ്യതയുള്ളവരെ തഴഞ്ഞിട്ട് ഇല്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കരുത്.
* അഭിമുഖത്തില്‍ പങ്കെടുക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികളെയും ഉള്‍പ്പെടുത്തിയുള്ള സ്‌കോര്‍ഷീറ്റ് ചേര്‍ത്തുവേണം നിര്‍ദേശങ്ങള്‍ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍.
* കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ പാനലില്‍ ഉള്‍പ്പെട്ടവരെ മാത്രമേ നിയമിക്കാവൂയെന്ന നിബന്ധനയില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കി. ഇക്കാര്യം മുന്‍കൂട്ടി അറിയിക്കണം.
* അതിഥി അധ്യാപകന്‍ ജോലിക്ക് ചേരുന്നദിവസം 200 രൂപ മുദ്രപ്പത്രത്തില്‍ കരാറൊപ്പിട്ട് നല്‍കണം.
* അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതയില്ലാത്തവര്‍ പിന്നീട് അതുനേടിയാല്‍ പുതിയ കരാര്‍ വേണം.
* റാങ്ക് പട്ടികയില്‍ മുന്നിലുള്ളവര്‍ ചേരുന്നില്ലെങ്കില്‍ വിവരം രേഖാമൂലം വാങ്ങണം.
* അതിഥി അധ്യാപകരെ മറ്റുജോലിക്ക് നിയോഗിക്കുന്നുണ്ടെങ്കില്‍ ആ വിവരം ഡി.ഡി. ഓഫീസില്‍ അറിയിക്കണം.
* നിയമനം സംബന്ധിച്ച പ്രചാരം നല്‍കേണ്ടത് 15 ദിവസം മുമ്പുമാത്രം.
* നിയമനത്തിന്റെ ആദ്യമാസംതന്നെ വേതനനിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കണം. ഇവര്‍ക്ക് വീഴ്ചയില്ലാതെ ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വീഴ്ച വന്നാല്‍ പ്രിന്‍സിപ്പല്‍ ഉത്തരവാദി.

Content Highlights: Directions for the appointment of Guest lecturers, Teachers