ന്യൂഡൽഹി: കോവിഡ്-19 മൂലം മാറ്റിവെച്ച യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകൾ ലോക്ക്ഡൗണിന് ശേഷം നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. എല്ലാ വിദ്യാർഥികൾക്കും പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരാനുള്ള സമയം നൽകിക്കൊണ്ടാകും തീയതികൾ പ്രഖ്യാപിക്കുക. പരീക്ഷകൾ റദ്ദാക്കുമെന്നുള്ള വാർത്തകൾ വ്യാജമാണെന്നും മാറ്റിവെച്ച പരീക്ഷകളെല്ലാം പുതിയ തീയതികളിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പരീക്ഷകളെല്ലാം ലോക്ക്ഡൗണിന് ശേഷമാകും നടത്തുകയെന്ന് യു.പി.എസ്.സിയും എസ്.എസ്.സിയും നേരത്തെ അറിയിച്ചിരുന്നു. ഇതേ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ യു.പി.എസ്.സി, എസ്.എസ്.സി ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഉദ്യോഗാർഥികൾക്കറിയാം. കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ, കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ, ജൂനിയർ എൻജിനീയർ, സ്റ്റെനോഗ്രാഫർ തുടങ്ങിയ വിവിധ പരീക്ഷകളാണ് ലോക്ക്ഡൗണിനെത്തുടർന്ന് എസ്.എസ്.സി മാറ്റിവെച്ചത്.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സിവിൽ സർവീസസ്, എൻജിനീയറിങ് സർവീസസ്, ജിയോളജിസ്റ്റ് സർവീസസ്തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികൾ നിശ്ചയിച്ച് കഴിഞ്ഞിരുന്നു. ഈ തീയതികളിൽ മാറ്റമുണ്ടെങ്കിൽ യു.പി.എസ്.സി വൈബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ലോക്ക്ഡൗണിനെത്തുടർന്ന് കമ്പൈൻഡ് മെഡിക്കൽ സർവീസസ്, ഇന്ത്യൻ എക്കണോമിക് സർവീസസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസസ്, എൻ.ഡി.എ തുടങ്ങിയ പരീക്ഷകളാണ് യു.പി.എസ്.സി മാറ്റിവെച്ചത്.

Content Highlights: Decision on UPSC, SSC Exams to be taken after may 3