ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറിലെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് അവസാന അവസരം ഉപയോഗിച്ചവര്‍ക്ക് 2021-ല്‍ ഒരവസരംകൂടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഒറ്റത്തവണത്തേക്ക് മാത്രമായിരിക്കും ഇത്. അവസരങ്ങള്‍ ബാക്കിയുള്ളവര്‍ക്ക് ഈ ആനുകൂല്യമുണ്ടാവില്ല.

കോവിഡ്-19 പ്രതിസന്ധിയെത്തുടര്‍ന്ന് ഒക്ടോബറില്‍ നടന്ന പ്രിലിമിനറി പരീക്ഷയെഴുതാന്‍ പല ഉദ്യോഗാര്‍ഥികള്‍ക്കും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അധിക അവസരം നല്‍കാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ കേന്ദ്രം അറിയിച്ചത്. 

നിലവില്‍ യു.പി.എസ്.സി. പരീക്ഷയെഴുതാന്‍ ജനറല്‍ വിഭാഗത്തിന് ആറ് ശ്രമങ്ങളും 32 വയസ്സുമാണ് പരിധി. ഒ.ബി.സി. വിഭാഗത്തിന് ഒമ്പത് ശ്രമങ്ങളും 35 വയസ്സും എസ്.സി., എസ്.ടി. വിഭാഗത്തിന് 37 വയസ്സുമാണ് പരിധി.

Content Highlights: Covid-19: Centre agrees to give UPSC prelim candidates an extra attempt, civil services