ന്യൂഡൽഹി: റെയിൽവേ ഉൾപ്പെടെ കേന്ദ്രസർവീസിലെ ഗ്രൂപ്പ് സി, ഡി തസ്തികകളിലേക്കും (നോൺ ടെക്നിക്കൽ) പൊതുമേഖലാ ബാങ്കുകളിലും നിയമനം നടത്തുന്നതിനുള്ള പൊതു യോഗ്യതാ പരീക്ഷയ്ക്ക് (കോമൺ എലിജിബിലിറ്റി ടെസ്റ്റ്-സി.ഇ.ടി.) 'നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി'(എൻ.ആർ.എ.) രൂപവത്‌കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സി.ഇ.ടി. സ്കോറിന്റെ അടിസ്ഥാനത്തിൽ വിവിധ ഏജൻസികളിലേക്ക് അടുത്തഘട്ടം പരീക്ഷയ്ക്ക് അപേക്ഷിക്കാം.

വിവിധ ഭാഷകളിലായി വർഷത്തിൽ രണ്ടുപ്രാവശ്യം സി.ഇ.ടി. പരീക്ഷ നടത്തും. സ്കോറിന് മൂന്നുകൊല്ലത്തെ പ്രാബല്യമുണ്ടാകും. പ്രായപരിധിക്കുള്ളിലാണെങ്കിൽ എത്രപ്രാവശ്യം വേണമെങ്കിലും സി.ഇ.ടി. എഴുതി സ്കോർ മെച്ചപ്പെടുത്താം. സംവരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രായപരിധിയിൽ ഇളവ് ലഭിക്കും.

തുടക്കത്തിൽ മൂന്ന് ഏജൻസികൾക്കാണ് പരീക്ഷയുടെ സ്കോർ നൽകുക. ക്രമേണ സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യമേഖല എന്നിവയുമായും സ്കോർ പങ്കുവെക്കും. സി.ഇ.ടി. സ്കോർ, ശാരീരിക പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽമാത്രം റിക്രൂട്ട്മെന്റ് നടത്താനും രണ്ടാംഘട്ട പരീക്ഷ ഒഴിവാക്കാനും തയ്യാറാണെന്ന് ചില വകുപ്പുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കോടിക്കണക്കിന് യുവജനങ്ങൾക്ക് വലിയ അനുഗ്രഹമായിരിക്കും എൻ.ആർ.എ. എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റു ചെയ്തു. ഉദ്യോഗാർഥികൾക്കും പരീക്ഷ നടത്തുന്നവർക്കും സമയവും ചെലവും ലാഭിക്കാവുന്ന സംവിധാനം നിലവിൽ വരുന്നതോടെ റിക്രൂട്ട്മെന്റിലെ പല തട്ടുകൾ ഒഴിവാക്കാനാവുമെന്ന് പഴ്സനൽകാര്യ മന്ത്രി ജിതേന്ദ്ര സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യോഗ്യതാ പരീക്ഷ

  • സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ(എസ്.എസ്.ബി.), റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്സ് (ആർ.ആർ.ബി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് സർവീസ് പേഴ്സണൽ (ഐ.ബി.പി.എസ്) എന്നിവയ്ക്കുവേണ്ടിയാണ് എൻ.ആർ.എ ആദ്യഘട്ട പരീക്ഷ നടത്തുക.
  • ബിരുദധാരികൾക്കും 10, 12 ക്ലാസുകൾ പാസായവർക്കുമെല്ലാം കംപ്യൂട്ടർ അടിസ്ഥാനമാക്കി മൂന്നു വെവ്വെറേ ഓൺലൈൻ പരീക്ഷകൾ.
  • പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ, റോൾ നമ്പർ/ഹാൾടിക്കറ്റ്, മെരിറ്റ് ലിസ്റ്റ് എല്ലാം ഓൺലൈനിൽ.
  • എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു സി.ഇ.ടി. പരീക്ഷാകേന്ദ്രം. ആയിരത്തിലധികം പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
  • തുടക്കത്തിൽ 12 ഭാഷകളിൽ പരീക്ഷ. ക്രമേണ എല്ലാ ഭാഷകളിലും നടത്തും. ചോദ്യങ്ങൾ 'മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ടൈപ്പ്'.
  • ഗ്രാമീണമേഖലയിലുള്ളവർക്കായി എൻ.ആർ.എ 'മോക് ടെസ്റ്റ്' നടത്തും.
  • പരാതി പരിഹരിക്കാൻ 24x7 ഹെല്‍പ്പ് ലൈന്‍.

നേട്ടങ്ങൾ

  • ഇപ്പോൾ പല തലങ്ങളിലായി നടത്തുന്ന പരീക്ഷകൾക്ക് പലയിടങ്ങളിലായി പോവുകയും ഒന്നിലേറെ തവണ ഫീസ് നൽകുകയും ചെയ്യുന്നത് ഒഴിവാകും.
  • പരീക്ഷകൾക്കായി ഇപ്പോൾ ദീർഘദൂര യാത്ര ചെയ്യേണ്ടിവരുന്ന പെൺകുട്ടികളായ ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനം.

Content Highlights: Common Eligibility Test for IBPS, SSC and Indian Railways