ന്യൂഡല്‍ഹി: കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. ജനുവരി 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് പരീക്ഷ. 

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്കാണ് അപേക്ഷിക്കാനവസരം. 

പ്രായപരിധി: 18-32 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. 

പരീക്ഷ: ടയര്‍-I, II, III, IV എന്നിങ്ങനെ നാലുഘട്ടങ്ങളായാണ് പരീക്ഷ. കംപ്യൂട്ടറധിഷ്ഠിത ടയര്‍-I, II പരീക്ഷകള്‍ പാസാകുന്നവര്‍ക്ക് വിവരണാത്മക രീതിയിലുള്ള ടയര്‍-III പരീക്ഷയെഴുതാം. ടയര്‍-IV സ്‌കില്‍ ടെസ്റ്റാണ്. ഈ നാല് കടമ്പകളും വിജയിക്കുന്നവര്‍ക്ക് രേഖാ പരിശോധനയ്ക്ക് ശേഷം നിയമനം ലഭിക്കും. ടയര്‍-I പരീക്ഷയില്‍ ആകെ 100 ചോദ്യങ്ങളാണുണ്ടാവുക. ഓരോ തെറ്റുത്തരത്തിനും 0.5 മാര്‍ക്ക് വീതം കുറയും. 

വിജ്ഞാപനം വായിച്ച് മനസ്സിലാക്കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനുമായി ssc.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: Combined graduate level SSC invites application