sscകേന്ദ്ര സര്‍വീസില്‍ ബിരുദയോഗ്യതയുള്ളവരുടെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന 2016-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ ആഗസ്ത് 27-ന്. കഴിഞ്ഞ മെയില്‍ നടത്താനിരുന്ന പരീക്ഷയാണ് ആഗസ്തിലേക്ക് പുതുക്കിനിശ്ചയിച്ചിരിക്കുന്നത്.

പരീക്ഷ

നേരത്തെ തീരുമാനിച്ചതില്‍നിന്ന് വ്യത്യസ്തമായി പരീക്ഷയ്ക്ക് മൂന്നുഘട്ടങ്ങളുണ്ടാവും. ആദ്യ രണ്ടുഘട്ടങ്ങളും ഓണ്‍ലൈന്‍ പരീക്ഷയാണ്. എസ്.എസ്.സി. ആദ്യമായാണ് ഈ പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത്. 

പുതുതായി കൂട്ടിച്ചേര്‍ത്ത മൂന്നാംഘട്ടത്തില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവരണാത്മക പരീക്ഷയുണ്ടാവും. ഡാറ്റ എന്‍ട്രി പരീക്ഷ ബാധകമായവര്‍ക്ക് ഇതിനു പുറമെ നേരത്തെ നിശ്ചയിച്ചതുപോലെ സ്‌കില്‍ ടെസ്റ്റും ഉണ്ടാവും.

സിലബസ്

പരീക്ഷാ സിലബസിലും മാറ്റമുണ്ട്. ടയര്‍ I ന് 100 ചോദ്യങ്ങളേ ഉണ്ടാവൂ. ഒരു ചോദ്യത്തിന് 2 മാര്‍ക്ക് എന്ന രീതിയില്‍ മൊത്തം 200 മാര്‍ക്കിനായിരിക്കും പരീക്ഷ. നേരത്തെ 200 ചോദ്യങ്ങളും 200 മാര്‍ക്കുമാണ് 
ടയര്‍ ഒന്നിനുണ്ടായിരുന്നത്. 

ഒന്നേകാല്‍ മണിക്കൂറാണ് ടയര്‍ I പരീക്ഷയുടെ പുതുക്കിയ സമയദൈര്‍ഘ്യം. നേരത്തെ ഇത് രണ്ടുമണിക്കൂറായിരുന്നു. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവയര്‍നസ്സ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് 25 മാര്‍ക്കിനു വീതമുള്ള 100 ചോദ്യങ്ങളാണുണ്ടാവുക.

നെഗറ്റീവ് മാര്‍ക്ക്

നെഗറ്റീവ് മാര്‍ക്കും ഉയര്‍ത്തിയിട്ടുണ്ട്. പുതുക്കിയരീതി പ്രകാരം തെറ്റായ ഒരോ ഉത്തരത്തിനും അരമാര്‍ക്ക് വീതം കുറയ്ക്കും. നേരത്തെ ഇത് 0.25 മാര്‍ക്കായിരുന്നു.

പേപ്പര്‍ രണ്ട് കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കിയെങ്കിലും സിലബസിലും ചോദ്യത്തിന്റെ എണ്ണത്തിലും മൊത്തം മാര്‍ക്കിലും പരീക്ഷാസമയദൈര്‍ഘ്യത്തിലും മാറ്റംവരുത്തിയിട്ടില്ല. 

thozilപേപ്പര്‍ രണ്ട് ജയിക്കുന്നവര്‍ക്കായി ടയര്‍ മൂന്നില്‍ വിവരണാത്മക എഴുത്തുപരീക്ഷ നടത്തും. ലേഖനം, പ്രസി, ലെറ്റര്‍ തുടങ്ങിയവയായിരിക്കും വിവരണാത്മക പരീക്ഷയില്‍ എഴുതാനുണ്ടാവുക. 

100 മാര്‍ക്കിനുള്ളതായിരിക്കും ചോദ്യങ്ങള്‍. ഒരു മണിക്കൂറാണ് സമയദൈര്‍ഘ്യം. ടയര്‍ I, II, III എന്നിവയുടെ മൊത്തം മാര്‍ക്ക് പരിഗണിച്ചാണ് അവസാന റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.