ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷ അതികഠിനമെന്ന് തെളിയിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സ്‌കോര്‍ കാര്‍ഡ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം റാങ്കുകാരനായ കനിഷാക് കടാരിയ 55.35 ശതമാനം മാര്‍ക്കാണ് പരീക്ഷയില്‍ നേടിയത്. പരീക്ഷയുടെ നിലവാരത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്നും ഫലം വ്യക്തമാക്കുന്നു. 

സിവില്‍ സര്‍വീസ് പരീക്ഷയിലെ പരമാവധി മാര്‍ക്കായ 2025ല്‍ 1121 മാര്‍ക്ക് നേടിയാണ് കനിഷാക് ഒന്നാം റാങ്കിനുടമയായത്. ഇതില്‍ 942 മാര്‍ക്ക് എഴുത്തുപരീക്ഷയിലും 179 മാര്‍ക്ക് അഭിമുഖത്തിലുമാണ് സ്വന്തമാക്കിയത്. എഴുത്തുപരീക്ഷയ്ക്ക് 1750ഉം അഭിമുഖത്തിന് 275-മാണ് പരമാവധി മാര്‍ക്ക്. 

Don't Miss: ജോലിക്കൊപ്പം പഠിച്ചും സിവില്‍ സര്‍വീസ് നേടാം; റാങ്ക് ജേതാവ് അര്‍ച്ചനയുടേത് വേറിട്ട വഴി

രണ്ടാമതെത്തിയ അക്ഷത് ജയിന്‍ 53.3 ശതമാനം മാര്‍ക്കാണ് നേടിയത്. എഴുത്തുപരീക്ഷയില്‍ 882, അഭിമുഖത്തില്‍ 198 എന്നിങ്ങനെ ആകെ 1080 മാര്‍ക്കാണ് അക്ഷത് സ്വന്തം പേരിലാക്കിയത്. മൂന്നാം റാങ്കുകാരനായ ജുനൈദ് അഹമദ് 53.18 ശതമാനം (1077) മാര്‍ക്ക് നേടി. 893, 184 എന്നിങ്ങനെയായിരുന്നു ജുനൈദിന് യഥാക്രമം എഴുത്തുപരീക്ഷയിലും അഭിമുഖത്തിനുമായി ലഭിച്ച മാര്‍ക്ക്.

ഏപ്രില്‍ അഞ്ചിനായിരുന്നു യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പുറത്തുവിട്ടത്. 759 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ ലിസ്റ്റില്‍ ഇടം നേടിയത്. ഇതില്‍ 577 പുരുഷന്മാരും 182 സ്ത്രീകളും ഉള്‍പ്പെടുന്നു. 759-ാം റാങ്ക് നേടിയ ബിഭൂതി ഭൂഷണ്‍ നായക് 35.45 ശതമാനം മാര്‍ക്കാണ് നേടിയത്. എഴുത്തുപരീക്ഷയില്‍ 600ഉം അഭിമുഖത്തില്‍ 118 എന്നിങ്ങനെ 718 മാര്‍ക്കാണ് നായക് നേടിയത്. ഭിന്നശേഷി വിഭാഗത്തിലാണ് ഇദ്ദേഹം പരീക്ഷയെഴുതിയത്.

Must Read: ആദ്യശ്രമത്തില്‍ അഞ്ചാം റാങ്ക്; പരിശീലന കാലയളവില്‍ സാമൂഹ്യമാധ്യമങ്ങളെ മാറ്റിനിര്‍ത്തി സൃഷ്ടി

2018 ജൂണ്‍ മൂന്നിന് യു.പി.എസ്.സി നടത്തിയ പ്രിലിമിനറി പരീക്ഷയ്ക്ക് 10,65,552 പേര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ 4,93,972 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. 10,468 പേര്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി. ഇതില്‍നിന്നും 1,994 പേര്‍ മാത്രമാണ് അഭിമുഖത്തിന് അര്‍ഹത നേടിയത്. 

2017ലെ ഒന്നാം റാങ്കുകാരന്‍ ദുരിഷെട്ടി അനുദീപ് 55.60 ശതമാനം (1126) മാര്‍ക്കായിരുന്നു നേടിയത്. 2016ല്‍ നന്ദിനി കെ.ആര്‍ 1120 മാര്‍ക്കും (55.3 ശതമാനം) 2015ല്‍ ടിന ദാബി 1063 (52.49 ശതമാനം) മാര്‍ക്കും നേടിയായിരുന്നു ഒന്നാം റാങ്കിന് അര്‍ഹരായത്.

Also Read: നാലു തവണ തോറ്റിട്ടും പിന്മാറിയില്ല, കേരളത്തിലെ ഒന്നാം റാങ്കുകാരിക്ക് ഗുരു ഇന്റര്‍നെറ്റ്

Content Highlights: Civil services topper gets 55.35 per cent marks