ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരവസരംകൂടി നല്‍കുമെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അങ്ങനെ ചെയ്താല്‍ അത് മറ്റ് ഉദ്യോഗാര്‍ഥികളോടുള്ള വിവേചനമാകും. ഒരവസരം കൂടി നല്‍കുന്നതിനോടുതന്നെ സര്‍ക്കാരിനു യോജിപ്പില്ലെന്നും എന്നാല്‍, സുപ്രീംകോടതിയുടെ അഭ്യര്‍ഥന മാനിച്ചാണ് അതു നല്‍കാമെന്നു പറഞ്ഞതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വ്യക്തമാക്കി.

2020 ഒക്ടോബറിലെ പരീക്ഷയ്ക്ക് അവസാന അവസരം ഉപയോഗിച്ചവര്‍ക്ക് 2021-ല്‍ ഒരവസരംകൂടി നല്‍കുമെന്ന് കേന്ദ്രം നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് ഒറ്റത്തവണത്തേക്കു മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അവസരം ബാക്കിയുള്ളവര്‍ക്ക് ഈ ആനുകൂല്യമുണ്ടാവില്ല.

നിലവില്‍ യു.പി.എസ്.സി. പരീക്ഷയെഴുതാന്‍ ജനറല്‍ വിഭാഗത്തിന് ആറു ശ്രമങ്ങളും 32 വയസ്സുമാണ് പരിധി. ഒ.ബി.സി. വിഭാഗത്തിന് ഒമ്പതു ശ്രമങ്ങളും 35 വയസ്സും എസ്.സി., എസ്.ടി. വിഭാഗത്തിന് 37 വയസ്സുമാണ് പരിധി.

കോവിഡ് സാഹചര്യത്തില്‍ ഒരവസരംകൂടി ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കണമെന്ന ഹര്‍ജിയാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. അവസാന നിമിഷം കൊണ്ട് തയ്യാറെടുക്കുന്ന പരീക്ഷയല്ല ഇതെന്ന് കേന്ദ്രം പറഞ്ഞു. വര്‍ഷങ്ങളോളം തയ്യാറെടുപ്പ് നടത്തിയാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. അതിനാല്‍ പ്രായപരിധിയുടെ കാര്യത്തില്‍ ഇളവ് പറ്റില്ല.

Content Highlights: Civil Services, one more change will be given but no age relaxation says centre to supreme court