ന്യൂഡല്‍ഹി: 2020-ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖം ഏപ്രില്‍ 26 നടത്താന്‍ തീരുമാനിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). 2,046 ഉദ്യോഗാര്‍ഥികളാണ് അഭിമുഖത്തിനായി അര്‍ഹത നേടിയിട്ടിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളുടെ പേര്, അഭിമുഖത്തീയതി, സമയം, തുടങ്ങിയ വിവരങ്ങള്‍ യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in-ല്‍ ലഭിക്കും. 

മെയിന്‍ പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തിട്ടുള്ളത്. ജൂണ്‍ 18 വരെയാണ് അഭിമുഖം. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ വ്യോമമാര്‍ഗം അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കാനും യു.പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. 

എയര്‍ ഇന്ത്യയോ മറ്റേതെങ്കിലും സ്വകാര്യ എയര്‍ലൈന്‍സോ ബുക്ക് ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥിക്ക് ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക് തിരികെ നല്‍കും. ഇതിനായി ടിക്കറ്റിന്റെ കോപ്പിയും ബോര്‍ഡിങ് പാസും കൈയ്യില്‍ കരുതണം. 

മെയ്ക്ക് മൈ ട്രിപ്പ്, യാത്ര, ഗോഐബിബോ, ഈസ് മൈ ട്രിപ്പ് തുടങ്ങിയ സ്വകാര്യ ട്രാവല്‍ ഏജന്റ്‌സ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് തുക ലഭിക്കില്ലെന്നും യു.പി.എസ്.സി അറിയിച്ചിട്ടുണ്ട്. 

Content Highlights: Civil Services Exam 2020 Interview Begins On April 26 will reimburse ticket fare