ന്യൂഡൽഹി: 2021-ലെ സിവിൽ സർവീസസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനവും ഇതിനൊപ്പം യു.പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളിലെ 712 ഒഴിവുകളിലേക്കാണ് ഇത്തവണ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ 22 എണ്ണം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളവയാണ്.

യോഗ്യത: അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരന്മാർക്ക് പുറമേ നേപ്പാൾ, ഭൂട്ടാൻ, ടിബറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഇന്ത്യൻ പൗരന്മാരെ മാത്രമേ പരിഗണിക്കൂ.

പ്രായപരിധി: 21-32 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

മാർച്ച് 24 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂൺ 27-നാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് മെയിൻ പരീക്ഷയെഴുതാം. ആകെ ഒഴിവിന്റെ 12-13 മടങ്ങ് ഉദ്യോഗാർഥികളെ ഈ ഘട്ടത്തിൽ തിരഞ്ഞെടുക്കും. അതിന് ശേഷം നടക്കുന്ന അഭിമുഖത്തിന്റെ കൂടി അടിസ്ഥാനത്തിലാകും അന്തിമ ഫലം പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: Civil services 2021 notification released by UPSC, IAS, IPS