കോഴിക്കോട്: ജില്ലയിൽ സിവിൽ സർവീസ് പരീക്ഷയിൽ വിജയത്തിളക്കവുമായി എം.പി. അമിത്തും അതീത് സജീവനും. വേങ്ങേരി തണ്ണീർപന്തൽ മരക്കപ്പള്ളി വീട്ടിൽ അമിത്ത് 405 -ാം റാങ്കും അതീത് 737-ാം റാങ്കുമാണ് നേടിയത്.

2016-ലെ ആദ്യശ്രമത്തിൽ റവന്യൂസർവീസ് നേടിയ അമിത്ത് നിലവിൽ‍ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥനാണ്. ഒ.ബി.സി. കാറ്റഗറിയായതിനാൽ ഐ.എ.എസോ ഐ.എഫ്.എസോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമിത്ത്.

തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലായിരുന്നു ബി.ടെക് പഠനം. അഗോളയിലെ പെട്രോളിയം കമ്പനിയിൽ രണ്ടുവർഷം മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലായിരുന്നു പ്ലസ് ടുവരെയുള്ള പഠനം. മരക്കപ്പള്ളി മോഹനന്റെയും പ്രേമയുടെയും മകനാണ്. സഹോദരി അമൃത അധ്യാപികയാണ്.

കോവൂർ ആർ.കെ. നായർ റോഡ് ചിരാഗിൽ അതീത് സജീവന്റേത് സിവിൽസർവീസ് ആദ്യശ്രമമാണ്. അഭിഭാഷകനായ കെ.പി. സജീവന്റെയും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ചാന്ദ്നിയുടെയും ഏകമകനാണ്. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിയമബിരുദം കരസ്ഥമാക്കി. ഈസ്റ്റ്ഹിൽ കേന്ദ്രീയവിദ്യാലയത്തിലായിരുന്നു പ്ലസ് ടു പഠനം.

Content Highlights: Civil Service Examination 2018, Civil Service Rank Holders