ന്യൂഡൽഹി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ ടയർ-1 പരീക്ഷ മാറ്റിവെച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). ഏപ്രിൽ 20 മുതലുള്ള പരീക്ഷകളാണ് എസ്.എസ്.സി മാറ്റിവെച്ചത്.

ഏപ്രിൽ 17 മുതൽ 27 വരെ തീയതികളിലാണ് സി.എച്ച്.എസ്.എൽ ടയർ-1 പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. പശ്ചിമ ബംഗാളിലുള്ള ഉദ്യോഗാർഥികൾക്ക് മേയ് 21 മുതൽ 22 വരെയാണ് പരീക്ഷ. നിലവിലെ സാഹചര്യത്തിൽ പരീക്ഷ മാറ്റിവെയ്ക്കുകയാണെന്നും പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മൂന്ന് ഘട്ടമായാണ് സി.എച്ച്.എസ്.എൽ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ്. ആദ്യഘട്ടമായ ടയർ-1 പരീക്ഷയിൽ 200 മാർക്കിന്റെ ചോദ്യമുണ്ടാകും. കംപ്യൂട്ടറധിഷ്ഠിതമായി നടത്തുന്ന പരീക്ഷയിൽ തെറ്റുത്തരത്തിന് 0.5 മാർക്ക് കുറയ്ക്കും.

Content Highlights: CHSL tier-1 exam postponed