ന്യൂഡല്‍ഹി: രാജ്യത്ത് ഭരണനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ മഹാത്മാ ഗാന്ധിയെക്കുറിച്ചു പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചു. 'സമകാലിക ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രസക്തി' എന്ന വിഷയത്തിലാണ് കോഴ്‌സ്.

നൈതികത, ധാര്‍മികത, അഹിംസ, സമാധാനപ്രസ്ഥാനം, സത്യാഗ്രഹം, സ്വരാജ്, സ്വദേശി, സ്ത്രീശാക്തീകരണം, പരിസ്ഥിതി പ്രസ്ഥാനം തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്‌പോള്‍ ഉദ്യോഗസ്ഥര്‍ മഹാത്മാഗാന്ധിയുടെ സിദ്ധാന്തങ്ങളെക്കുറിച്ചും അനുദിന ഭരണകാര്യങ്ങളില്‍ അതിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും കുറിച്ചും ബോധമുള്ളവരാകുമെന്ന് പഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

സെന്റര്‍ ഫോര്‍ ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, രാജ്ഘട്ടിലെ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതി എന്നിവയുമായി ചര്‍ച്ച ചെയ്താണ് ഓണ്‍ലൈന്‍ പാഠ്യപദ്ധതി തയ്യാറാക്കിയത്.

ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.ഒ.എസ്. ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് എ ലെവല്‍ ഉദ്യോഗസ്ഥര്‍, സംസ്ഥാന ഭരണവിഭാഗത്തിലും സിവില്‍ സര്‍വീസിലുമുള്ളവര്‍ തുടങ്ങിയവരാണ് കോഴ്‌സിനു ചേരാന്‍ യോഗ്യതയുള്ളവര്‍. സംസ്ഥാന സിവില്‍ സര്‍വീസുകളിലുള്ള ഗ്രേഡ് ബി, സി, ഉദ്യോഗസ്ഥര്‍ക്കും പഠിക്കാം.

Content Highlights: Centre starts online course for bureaucrats on 'relevance of Mahatma Gandhi in the contemporary world'