ന്യൂഡല്‍ഹി: വിവിധവകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രതിരോധസേനയിലുമായി 4.77 ലക്ഷം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. യു.പി.എസ്.സി., സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി.) എന്നിവ 1,34,785 പേരെ നിയമിക്കാന്‍ ശുപാര്‍ശ നല്‍കി.

എസ്.എസ്.സി., ആര്‍.ആര്‍.ബി., തപാല്‍വകുപ്പ്, പ്രതിരോധസേന എന്നിവവഴി 3,41,907 പേരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, രാജ്യസഭാംഗം കിരോഡി ലാല്‍ മീണയുടെ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ അറിയിച്ചു. നിയമനം നടത്തണമെന്ന് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഈ വര്‍ഷം ആദ്യം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നെന്നും അദ്ദേഹം അറിയിച്ചു.

പത്തുലക്ഷത്തിലധികം തസ്തികകളില്‍ രണ്ടുവര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് നേരത്തേ 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റെയില്‍വേ ഉള്‍പ്പെടെ 73 മന്ത്രാലയങ്ങളിലായി 6,83,823 ഒഴിവുണ്ട്. സൈന്യത്തില്‍ 3,11,063 ഒഴിവുണ്ട്. കേന്ദ്രീയവിദ്യാലയത്തില്‍ മാത്രമായി 6688 ഒഴിവുകള്‍ വേറെയും.

Content Highlight: central government fills 4.7 lakh vacancies