ന്യൂഡൽഹി : കൊറോണക്കാലത്തെ പ്രതിസന്ധി മറികടക്കാൻ ഫാക്ടറികളെ സഹായിക്കാനായി തൊഴിലാളികളുടെ ജോലിസമയം കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. 1948 മുതലുള്ള നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ഉടൻ ഓർഡിനൻസ് ഇറക്കുമെന്നാണു സൂചന. കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം നടത്തുന്നതിനെതിരേ സി.ഐ.ടി.യു. രംഗത്തെത്തി.

ദിവസത്തിൽ എട്ടുമണിക്കൂർ അഥവാ ആഴ്ചയിൽ 48 മണിക്കൂർ എന്ന നിലയിലാണ് നിയമപരമായി നിലവിലുള്ള തൊഴിൽസമയം. ഇതു ദിവസം 12 മണിക്കൂറാക്കാനാണു നീക്കം. അതായത്, ആഴ്ചയിൽ 72 മണിക്കൂർ. നിയമഭേദഗതി ഗൗരവമായി പരിഗണിച്ചു വരുന്നതായി ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു.

ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യവസ്തുക്കളുടെ നീക്കവും ലഭ്യതയും ഉറപ്പാക്കാനും വിതരണശൃംഖല മെച്ചപ്പെടുത്താനുമാണ് ഇപ്പോഴത്തെ ശ്രമമെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു.

അടച്ചിടൽ വേളയിൽ ജോലിക്കു വേണ്ടത്ര തൊഴിലാളികളെ കിട്ടുന്നില്ല. കർഫ്യൂ പാസും പരിമിതമായി മാത്രമേ നൽകുന്നുള്ളൂ. ഈ സാഹചര്യത്തിൽ തൊഴിൽസമയം നീട്ടുകയാണ് ഒരു പോംവഴിയെന്നാണ് സർക്കാർ തലത്തിലുള്ള വിലയിരുത്തൽ.

Content Highlights: Central government decides to increase working hours due to covid-19 outbreak