തിരുവനന്തപുരം: എസ്.ഐ.യു.സി. ഒഴികെയുള്ള ക്രിസ്തുമതവിഭാഗത്തിലെ നാടാർ സമുദായത്തിന് പി.എസ്.സി. നിയമനത്തിൽ സംവരണം പ്രാബല്യത്തിലായി.

ഫെബ്രുവരി ആറിനു ശേഷം പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ക്രിസ്തുമതത്തിലെ എസ്.ഐ.യു.സി ഒഴികെയുള്ള നാടാർ സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി പിന്നാക്കവിഭാഗ വികസന വകുപ്പ് ഫെബ്രുവരി ആറിനാണ് ഉത്തരവിറക്കിയത്. അതുകൊണ്ടാണ് അന്ന് മുതൽ സംവരണം പ്രാബല്യത്തിലാകുന്നത്. അതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതോ ആയ തിരഞ്ഞെടുപ്പുകൾക്ക് ഈ സംവരണാനുകൂല്യം ലഭിക്കില്ല. ഹിന്ദു നാടാർ, എസ്.ഐ.യു.സി. നാടാർ വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണം നൽകിയിരുന്നത്.

തുറമുഖ വകുപ്പിൽ (ഹൈഡ്രോ ഗ്രാഫിക് സർവേ) ഡ്രാഫ്റ്റ്സ്മാൻ തസ്തികയുടെ സാധ്യതാപട്ടികയും പോളിടെക്നിക്കിൽ കോമേഴ്സ് ലക്ചററുടെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം അനുമതിനൽകി. ഇസ്ലാമിക് ഹിസ്റ്ററിയിൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഓൺലൈൻ പരീക്ഷ നടത്തും.

Content Highlights: Cast reservation for Nadar community Approved, Kerala PSC, Government jobs