കൊച്ചി: ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കരിയര്‍ത്തോണ്‍ നീണ്ടുനിന്നത് 16 മണിക്കൂറിലേറെ. ഓണ്‍ലൈനില്‍ നടന്ന കരിയര്‍ കൗണ്‍സലിങ്ങില്‍ പങ്കെടുത്തത് അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ഈ മാസം ഒന്നിന് കരിയര്‍ത്തോണ്‍ സംഘടിപ്പിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന കൗണ്‍സലിങ് പന്ത്രണ്ടാം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്കായിട്ടായിരുന്നു.

രാവിലെ 6.30നു തുടങ്ങിയ കൗണ്‍സലിങ് സമാപിച്ചത് അര്‍ധരാത്രിയോടെയാണ്. യു ട്യൂബ് ലൈവിലൂടെയും സൂമിലൂടെയുമെല്ലാം കുട്ടികള്‍ സംശയങ്ങള്‍ ഉന്നയിച്ചു.

ആദ്യമായാണ് ഇത്ര വിപുലമായ കരിയര്‍ കൗണ്‍സലിങ് സംഘടിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. തുടര്‍പഠന മേഖലകളെക്കുറിച്ചും തൊഴിലധിഷ്ഠിത കോഴ്‌സുകളെക്കുറിച്ചുമെല്ലാം വിദ്യാര്‍ത്ഥികള്‍ സംശയങ്ങള്‍ ഉന്നയിച്ചു. 40 കരിയര്‍ വിദഗ്ദ്ധരും 10 സാങ്കേതിക വിദഗ്ദ്ധരും നേതൃത്വം നല്‍കി.

Content Highlights: Careerthon by Higher education council, 60,000 students participated