ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിലാനി, ഹൈദരാബാദ്, ഗോവ കാമ്പസുകളിലായി ഉള്ള പ്രോഗ്രാമുകള്‍:

ബാച്ചിലര്‍ ഓഫ് എന്‍ജിനിയറിങ്: കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിങ്

ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം.)

മാസ്റ്റര്‍ ഓഫ് സയന്‍സ് (എം.എസ്സി.): ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍സ്റ്റഡീസ്. എം.എസ്സി. പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് (ജനറല്‍ സ്റ്റഡീസ് ഒഴികെ) ആദ്യവര്‍ഷത്തിനുശേഷം എന്‍ജിനിയറിങ് ഡ്യുവല്‍ ഡിഗ്രിക്കു ചേരാന്‍ അവസരമുണ്ട്.

യോഗ്യത: പ്ലസ്ടു/തുല്യപരീക്ഷ 2020-ല്‍ ജയിച്ചവര്‍ക്കും 2021-ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് പഠിച്ചവര്‍ക്ക് എല്ലാ പ്രോഗ്രാമുകള്‍ക്കും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ചവര്‍ക്ക് ബി.ഫാം. പ്രവേശനത്തിനും അപേക്ഷിക്കാം. ബാധകമായ മൂന്നു സയന്‍സ് വിഷയങ്ങള്‍ക്ക് ഓരോന്നിനും 60 ശതമാനം മാര്‍ക്കും മൂന്നിനും കൂടി 75 ശതമാനവും നേടിയിരിക്കണം.

ബിറ്റ്‌സാറ്റ്: ബിറ്റ്‌സ് നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ അഡ്മിഷന്‍ ടെസ്റ്റ് 'ബിറ്റ്‌സാറ്റ്' വഴിയായിരിക്കും പ്രവേശനം. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് ഫിസിക്‌സ് (40 ചോദ്യങ്ങള്‍), കെമിസ്ട്രി (40), ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി (15), ലോജിക്കല്‍ റീസണിങ് (10), മാത്തമാറ്റിക്‌സ്/ബയോളജി (45) എന്നിവയില്‍നിന്നും മൊത്തം 150 ഓബ്ജക്ടീവ് ടൈപ്പ് (മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍) ഉണ്ടാകും. നെഗറ്റീവ് മാര്‍ക്കിങ് ഉണ്ട്. 150 ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയ ശേഷവും സമയം ഉണ്ടെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി എന്നിവയില്‍നിന്ന് നാലുവീതം അധിക ചോദ്യങ്ങള്‍ (മൊത്തം 12) കൂടി ആവശ്യപ്പെടാം. എന്‍.സി.ഇ.ആര്‍.ടി. സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങള്‍. തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.

അപേക്ഷ https://www.bitsadmission.com വഴി മേയ് 29-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. ടെസ്റ്റ് സെന്റര്‍ ജൂണ്‍ രണ്ടിന് അറിയിക്കും. ജൂണ്‍ 24-നും 30-നും ഇടയ്ക്ക് നടത്തുന്ന ബിറ്റ്‌സാറ്റ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെ തീയതിയും സ്ലോട്ടും ജൂണ്‍ നാലുമുതല്‍ 11 വരെ റിസര്‍വ് ചെയ്യാം. ബിറ്റ്‌സാറ്റ് അഭിമുഖീകരിക്കുന്നവര്‍ അതിനുശേഷം പ്രവേശനത്തിനായി പ്രത്യേകം അപേക്ഷിക്കണം. പന്ത്രണ്ടാംക്ലാസ് ബോര്‍ഡ് പരീക്ഷാ മാര്‍ക്ക്, കാമ്പസ്/കോഴ്‌സ് മുന്‍ഗണന എന്നിവ നല്‍കിയുള്ള ഈ അപേക്ഷ ജൂണ്‍ 29, ജൂലായ് 25 കാലയളവില്‍ നല്‍കണം. അഡ്മിറ്റ് ലിസ്റ്റ്/വെയ്റ്റ് ലിസ്റ്റ് ജൂലായ് 31-ന് പ്രഖ്യാപിക്കും. ബോര്‍ഡ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടുന്നവര്‍ക്ക് നേരിട്ട് പ്രവേശനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.bitsadmission.com

Content highlights : birla institute of technology and science registration for integrated first degree programmes