തിരുവനന്തപുരം: സര്‍വകലാശാലാ പഠനവകുപ്പുകളിലെയും എയ്ഡഡ് കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള മാര്‍ഗരേഖയ്ക്ക് കേരള സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കി. യു.ജി.സി.യുടെ 2018ലെ നിര്‍ദേശമനുസരിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

ചുരുക്കപ്പട്ടികയ്ക്കുശേഷമുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇനി നിയമനം. അഭിമുഖത്തിന് 50 മാര്‍ക്കായിരിക്കും. അഭിമുഖത്തിന്റെ ഘടനയ്ക്കും സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി.

സര്‍വകലാശാലാ പഠനവകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അപേക്ഷകരില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് പട്ടിക തയ്യാറാക്കും. അതില്‍നിന്ന് ഒരു ഒഴിവിലേക്ക് 10 പേരെയും പിന്നീടുള്ള ഓരോ ഒഴിവിലും അഞ്ചുപേരെ വീതവും അഭിമുഖത്തിനു ക്ഷണിക്കണം. നിയമനം അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും.

എയ്ഡഡ് കോളേജുകള്‍ക്കും സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്കും മാര്‍ഗരേഖ പിന്തുടരാമെന്നാണ് സര്‍വകലാശാല വ്യക്തമാക്കുന്നത്. തീരുമാനം എയ്ഡഡ് കോളേജുകളെ അറിയിക്കും.

അഭിമുഖം അടക്കമുള്ള എല്ലാ നടപടികളും വീഡിയോ റെക്കോഡ് ചെയ്യും.

യോഗ്യതയുടെ മാര്‍ക്കും അഭിമുഖത്തിനു ലഭിക്കുന്ന മാര്‍ക്കും കൂട്ടിച്ചേര്‍ത്താകണം നിയമനത്തിനു പരിഗണിക്കേണ്ടതെന്ന് കേരള, എം.ജി. സര്‍വകലാശാലകള്‍ നേരത്തേ നിയമഭേദഗതി വരുത്തിയിരുന്നു. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചതോടെ എയ്ഡഡ് കോളേജിലെ നിയമനങ്ങള്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു.

Content Highlights:Assistant Professor Appoinment New Policy