തിരുവനന്തപുരം: കരസേനാ റിക്രൂട്ട്മെന്റ് റാലികളുടെ രൂപംമാറും. റാലിക്കെത്തുന്നവരുടെ തിരക്കുകുറയ്ക്കാന്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ഉയര്‍ത്താനും കായികക്ഷമത പരിശോധിക്കാന്‍ ആര്‍.എഫ്.ഐഡി. (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) ഉപയോഗിക്കാനുമാണ് ആലോചന. ഉദ്യോഗാര്‍ഥിയുടെ പൊക്കവും നെഞ്ചളവും ലേസര്‍ ഇമേജിങ് വഴി രേഖപ്പെടുത്തും. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് താത്കാലിക സംവിധാനം.
കോവിഡിനെത്തുടര്‍ന്ന് രാജ്യത്തെ റിക്രൂട്ട്മെന്റ് റാലികള്‍ ഉപേക്ഷിച്ചതിനാല്‍ ഓരോവര്‍ഷവും നിശ്ചിതശതമാനംപേരെ റിക്രൂട്ട് ചെയ്യണമെന്ന വ്യവസ്ഥ ഇക്കൊല്ലം നടപ്പായില്ല. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കരസേനാറാലി നടത്താനാണ് നീക്കം.
മാറ്റങ്ങള്‍
ശരാശരി ഇരുപത്തയ്യായിരം മുതല്‍ നാല്‍പ്പതിനായിരംപേരാണ് ഓരോ റാലിക്കും എത്താറ്. ഇന്നത്തെ സാഹചര്യത്തില്‍ ഇത്രയുംപേരെ പങ്കെടുപ്പിക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ അനുമതിനല്‍കില്ല. അതിനാല്‍ അടിസ്ഥാനയോഗ്യതാ മാര്‍ക്ക് ഉയര്‍ത്തി തിരക്കുകുറയ്ക്കും.
ജനറല്‍ഡ്യൂട്ടി സോള്‍ജിയര്‍ക്ക് എസ്.എസ്.എല്‍.സി.ക്ക് 45 ശതമാനം മാര്‍ക്ക് എന്നത് 50-55 ആക്കും. സോള്‍ജിയര്‍ ടെക്നിക്കല്‍, ക്ലാര്‍ക്ക്, നഴ്സിങ് അസിസ്റ്റന്റ് എന്നിവരുടെ 12-ാം ക്ലാസിന്റെ മാര്‍ക്ക് 50-ല്‍നിന്ന് അഞ്ചോ പത്തോ ശതമാനം കൂട്ടും. എഴുത്തുപരീക്ഷ ഓണ്‍ലൈനാക്കുന്നതും പരിഗണിക്കും.
സ്റ്റോപ്പ് വാച്ച് വേണ്ട
ആര്‍.എഫ്.ഐഡി. വഴിയായിരിക്കും ഓട്ടത്തിന്റെ സമയം കണക്കാക്കുക. ഇതിന് ഡിജിറ്റല്‍ ഡേറ്റ രേഖപ്പെടുത്തിയ രണ്ടു ടാഗുകള്‍ ഉദ്യോഗാര്‍ഥിക്ക് നല്‍കും. ഒന്ന് കൈയിലും രണ്ടാമത്തേത് ചെസ്റ്റ്‌നമ്പരിലും. അഞ്ചോ പത്തോ പേരെ ഒരേസമയം ഓടിക്കും. ഓരോരുത്തരുടെയും തുടക്കസമയവും അവസാനിക്കുന്ന സമയവും ടാഗില്‍നിന്ന് റേഡിയോതരംഗങ്ങള്‍ വഴി ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിലെത്തും. സാധാരണ 100 മീറ്റര്‍ ഓട്ടത്തില്‍ പത്തുപേര്‍ പങ്കെടുത്താല്‍ പത്തുപേര്‍ സ്റ്റോപ്പ് വാച്ചുമായി നില്‍ക്കണമായിരുന്നു. 1.6 കിലോമീറ്റര്‍ ഓട്ടത്തിന് 200-250 പേരെ ഒന്നിച്ചാണ് പങ്കെടുപ്പിക്കാറ്.
പൊക്കവും സാധാരണ നെഞ്ചളവും വികസിപ്പിച്ച നെഞ്ചളവും ഉദ്യോഗാര്‍ഥിയുടെ അടുത്തുചെല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് അകലെനിന്നുതന്നെ രേഖപ്പെടുത്താവുന്നതാകും ഇനിയുള്ള രീതി. സാമൂഹികഅകലം പാലിച്ചും സമ്പര്‍ക്കമില്ലാതെയും സൈനിക റിക്രൂട്ട്മെന്റിനുള്ള നിര്‍ദേശങ്ങളാണ് പരിശോധിക്കുന്നത്. റായ്ഗഡ് പോലീസിലടക്കം ആര്‍.എഫ്.ഐ.ഡി. ഉപയോഗിച്ച് റിക്രൂട്ട്മെന്റ് നടത്തിയിരുന്നു.
കേരളത്തില്‍ രണ്ടിടത്ത്
സംസ്ഥാനത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ആര്‍മി റിക്രൂട്ടിങ് ഓഫീസുള്ളത്. ഒക്ടോബറില്‍ കൊല്ലത്ത് റാലി നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഓരോതവണയും 1500 മുതല്‍ 2500 പേരെയാണ് സൈന്യത്തിലേക്ക് തിരഞ്ഞടുക്കാറ്.
Content Highlights: Army recruitment rallies may change style in the wake of covid protocol