ന്യൂഡല്‍ഹി: അപ്രന്റിസുമാര്‍ക്കുള്ള ചുരുങ്ങിയ സ്‌റ്റൈപ്പെന്‍ഡ് വര്‍ധിപ്പിച്ചു. ഗ്രാജ്വേറ്റ് അപ്രന്റിസുമാരുടെ സ്‌റ്റൈപ്പെന്‍ഡ് മാസം 9000 രൂപയായും ടെക്‌നീഷ്യന്‍ അപ്രന്റിസുമാരുടേത് 8000 രൂപയുമാക്കി. അഞ്ചുമുതല്‍ ഒമ്പതാംക്ലാസുവരെ വിദ്യാഭ്യാസമുള്ളവര്‍ക്ക് 5000 രൂപയാണ് ചുരുങ്ങിയ സ്‌റ്റൈപ്പെന്‍ഡ്.

കേന്ദ്ര നൈപുണ്യ വികസന-സംരംഭക മന്ത്രാലയം കഴിഞ്ഞദിവസം വിജ്ഞാപനം ചെയ്ത 'അപ്രന്റിസ് ഭേദഗതി' ചട്ട(2019)ത്തിലാണ് ഈ നിര്‍ദേശമുള്ളത്. വിദ്യാഭ്യാസയോഗ്യതയനുസരിച്ചായിരിക്കണം സ്‌റ്റൈപ്പെന്‍ഡ് നല്‍കേണ്ടതെന്നു ചട്ടം നിര്‍ദേശിക്കുന്നു.

അപ്രന്റിസുമാരുടെ ചുരുങ്ങിയ വേതനം രണ്ടാംവര്‍ഷം 10 ശതമാനവും മൂന്നാംവര്‍ഷം 15 ശതമാനവും വര്‍ധിപ്പിക്കണം. നൈപ്യുണ്യ സര്‍ഫിക്കറ്റുള്ള ഉദ്യോഗാര്‍ഥിക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ചുരുങ്ങിയ സ്‌റ്റൈപ്പെന്‍ഡ് നല്‍കണം. പുതിയ അപ്രന്റിസുമാര്‍ക്ക് അടിസ്ഥാനപരിശീലനം നല്‍കുന്ന ആദ്യ മൂന്നുമാസംവരെ നിശ്ചിത സ്‌റ്റൈപ്പെന്‍ഡിന്റെ 50 ശതമാനവും പിന്നീട് മുഴുവന്‍ സ്‌റ്റൈപ്പെന്‍ഡും നല്‍കണം.

പതിനെട്ടും അതിനുമുകളിലും പ്രായമുള്ള അപ്രന്റിസുമാരെ സാധാരണ പ്രവൃത്തിസമയത്ത് നിയോഗിക്കാം. എന്നാല്‍, 18 വയസ്സില്‍ താഴെയുള്ളവരെ പകല്‍ എട്ടുമുതല്‍ ആറുവരെ മാത്രമേ പരിശീലനത്തിനു നിയോഗിക്കാവൂ. അപ്രന്റിസ്ഷിപ്പ് ഉപദേഷ്ടാവിന്റെ അംഗീകാരത്തോടെയേ ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനാകൂ. സ്ഥാപനങ്ങള്‍ക്കു മൊത്തം ജീവനക്കാരുടെ 15 ശതമാനംവരെ അപ്രന്റിസുമാരെ നിയമിക്കാമെന്ന് പുതിയ വിജ്ഞാപനത്തില്‍ വിശദീകരിച്ചു. നേരത്തേ ഇതു പത്തു ശതമാനമായിരുന്നു.

സ്‌റ്റൈപ്പെന്‍ഡ് (മാസം)

  • അഞ്ചുമുതല്‍ ഒമ്പതാം ക്ലാസുവരെ പൂര്‍ത്തിയാക്കിയവര്‍- 5000 രൂപ
  • പത്താം ക്ലാസ് കഴിഞ്ഞവര്‍- 6000 രൂപ
  • 12-ാം ക്ലാസ് കഴിഞ്ഞവര്‍- 7000 രൂപ
  • എന്‍.സി.വി.ടി., എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ - 7000 രൂപ
  • ടെക്നീഷ്യന്‍ (വൊക്കേഷണല്‍) അപ്രന്റിസ്, വൊക്കേ. സര്‍ട്ടിഫിക്കറ്റുള്ളവര്‍, ഡിപ്ലോമ കോഴ്സ് വിദ്യാര്‍ഥികള്‍- 7000 രൂപ
  • ടെക്നീഷ്യന്‍ അപ്രന്റിസ്, ഡിപ്ലോമ ഉള്ളവര്‍, ഡിഗ്രി വിദ്യാര്‍ഥികള്‍ - 8000 രൂപ
  • ഗ്രാജ്വേറ്റ് അപ്രന്റിസ് - 9000 രൂപ

Content Highlights: Apprentice stipend increased