കോഴിക്കോട്: സർവീസ് ചട്ടം ലംഘിച്ച് ആഭ്യന്തരവകുപ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്തിൽ 19 പുതിയ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം. എസ്.ഐ. റാങ്കിലുള്ള പോലീസ് ഡ്രൈവർമാരെ എം.ടി.ഐ.മാരാക്കാനാണ് ശ്രമം. സാങ്കേതികയോഗ്യതയില്ലാത്തവർക്കുവേണ്ടിയുള്ള ശുപാർശ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ചു. വിവാദമായപ്പോൾ നേരത്തേ ഈ ശ്രമം ഉപേക്ഷിച്ചിരുന്നു.

അഗ്നിരക്ഷാസേന, എക്സൈസ്, ജയിൽ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഗ്രേഡ് പ്രമോഷൻ മാത്രമാണുള്ളത്. പോലീസ് ഡ്രൈവർമാരെ ചട്ടം ലംഘിച്ച് ഗസറ്റഡ് തസ്തികയിലേക്ക് നിയമനം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.

പോലീസിന്റെ മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗത്തിൽ എം.ടി.എസ്.ഐ.മാരായി പബ്ലിക് സർവീസ് കമ്മിഷൻ വഴി നിയമനം നടത്താൻ ഓട്ടോമൊബൈൽ, മെക്കാനിക്കൽ വിഭാഗങ്ങളിൽ എൻജിനിയറിങ് ബിരുദമോ ഡിപ്ലോമയോ വേണം. അഞ്ചുവർഷം സേവനം പൂർത്തിയാക്കിയ എം.ടി.എസ്.ഐ.മാരെയാണ് എം.ടി. ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നത്.

കഴിഞ്ഞ വർഷം പി.എസ്.സി. എം.ടി.ഐ.മാരുടെ നേരിട്ടുള്ള നിയമനത്തിന് ബി.ടെക്. ഓട്ടോമൊബൈൽ/മെക്കാനിക്കൽ എൻജിനിയറിങ് ബിരുദവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവുമാണ് നിഷ്കർഷിച്ചത്. കൊച്ചി സിറ്റി പോലീസിലെ ഒരു പോലീസ് ഡ്രൈവർ ഓൺലൈൻ അദാലത്തിൽ നൽകിയ പരാതി പരിഗണിച്ചാണ് ഇത്തരമൊരു ശുപാർശ ഡി.ജി.പി. സർക്കാരിലേക്ക് അയച്ചതെന്നാണ് പോലീസ് മോട്ടോർ വിഭാഗം ജീവനക്കാർ പറയുന്നത്.

പോലീസ് സേനാംഗങ്ങൾക്ക് പരിശീലനകാലയളവിൽ സർക്കാർ ചെലവിൽ ലൈസൻസ് എടുത്തുനൽകുന്നുണ്ട്. നിലവിൽ പോലീസ് വാഹനം ഓടിക്കാനുള്ള അനുമതിപത്രവും മേലുദ്യോഗസ്ഥർ നൽകുന്നുണ്ട്. സ്റ്റേഷനിലെ ലൈറ്റ് വിഭാഗം വാഹനങ്ങൾ ഓടിക്കാനാണിത്. പോലീസിന്റെ സാങ്കേതിക വിഭാഗങ്ങളിലെല്ലാം സ്ഥാനക്കയറ്റത്തിന് പ്രമോഷൻ ടെസ്റ്റ് നടത്താറുമുണ്ട്.

Content Highlights: Appointment to Gazetted Post in Motor vehicle department violating rules