സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 320 ഒഴിവുണ്ട്. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-6, ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍-301, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍-3, സിസ്റ്റം സൂപ്പര്‍വൈസര്‍-1, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-7, ടൈപ്പിസ്റ്റ്-2 എന്നിങ്ങനെയാണ് ഒഴിവുകള്‍.

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്

എല്ലാ വിഷയവും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ലഭിച്ച അംഗീകൃത സര്‍വകലാശാലാ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യുണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ആന്‍ഡ് ബി.എം. അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.എം.) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സബോര്‍ഡിനേറ്റ് (ജൂനിയര്‍) പേഴ്‌സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്ലോമാ ഇന്‍ കോ-ഓപ്പറേഷന്‍) അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ബി.എസ്സി./എം.എസ്സി. (സഹകരണം ആന്‍ഡ് ബാങ്കിങ്) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബി.കോം. ബിരുദവുമാണ് യോഗ്യത.

സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍

കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി./ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ബി.ടെക്. അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി. എം. എസ്സി. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

സിസ്റ്റം സൂപ്പര്‍വൈസര്‍

ബിരുദവും പി.ജി.ഡി.സി.എ.യും. പ്രായം: 1/1/2021ല്‍ 18 വയസ്സ്. 40 വയസ്സ് കവിയാന്‍ പാടില്ല. വികലാംഗര്‍ക്ക് പത്തുവര്‍ഷത്തെ ഇളവും വിധവകള്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവും .

പരീക്ഷ

സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍. പരീക്ഷ 80 മാര്‍ക്കിനാണ്. ഒരു സംഘം/ബാങ്കിന്റെ യോഗ്യതാലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രസ്തുതസംഘത്തിലെ അഭിമുഖം പരമാവധി 15 മാര്‍ക്കിന് ആയിരിക്കും. അഭിമുഖത്തിന് മിനിമം മൂന്നുമാര്‍ക്ക് ലഭിക്കും. ബാക്കി 12 മാര്‍ക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനാണ്.

അപേക്ഷ

വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org യില്‍ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 29.

Content Highlights: applications are invited for the job vaccancy in co-operative bank