ന്യൂഡല്‍ഹി: രാജ്യത്തെ കീഴ്ക്കോടതികളിലേക്ക് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി അഖിലേന്ത്യാ സര്‍വീസ് രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.

അഖിലേന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് രൂപവത്കരിക്കുന്നതിനുള്ള ബില്ലിന്റെ കരടു തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. കരടു ബില്‍ മന്ത്രിസഭയില്‍ വെക്കുന്നതിനുമുമ്പ് ഉന്നതജുഡീഷ്യറിയുടെ അഭിപ്രായം തേടും.

ഹൈക്കോടതികളും സംസ്ഥാന സര്‍വീസ് കമ്മിഷനുകളും പരീക്ഷകള്‍ നടത്തിയാണ് നിലവില്‍ കീഴ്ക്കോടതികളിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. കീഴ്ക്കോടതികളിലെ ഭരണവിഷയങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് ഭൂരിഭാഗം ഹൈക്കോടതികളുടെയും താത്പര്യം. അതിനാല്‍ കീഴ്ക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം ഹൈക്കോടതികള്‍ക്കുതന്നെ നല്‍കുംവിധം നിര്‍ദിഷ്ട ബില്ലിലും വ്യവസ്ഥ വെച്ചേക്കും.

കീഴ്ക്കോടതികളില്‍ ഇപ്പോഴും വാദംനടക്കുന്നത് പ്രാദേശിക ഭാഷകളിലാണ്. അതിനാല്‍ അഖിലേന്ത്യാ തലത്തില്‍ പരീക്ഷ നടത്തി നിയമിക്കപ്പെടുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് ഭാഷയുടെ പ്രശ്‌നമുണ്ടാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍, ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരും അതുപോലെ നിയമിക്കപ്പെടുന്നവരാണെന്നും ഭാഷയുടെ പ്രശ്‌നം അവര്‍ വേഗം തരണം ചെയ്യുന്നുണ്ടെന്നുമാണ് മറുവാദം.

അഖിലേന്ത്യാ തലത്തില്‍ പരീക്ഷ നടത്തിയാല്‍ ഭാവിയില്‍ ഉന്നതജുഡീഷ്യറിക്ക് മുതല്‍ക്കൂട്ടാവുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കാക്കുന്നു.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്.), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്.) എന്നിവയുടെ മാതൃകയില്‍ അഖിലേന്ത്യാ ജുഡീഷ്യല്‍ സര്‍വീസ് വേണമെന്ന ആവശ്യം സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ ഉയരുന്നതാണ്. 1976-ല്‍ ഭരണഘടനയുടെ 42-ാം ഭേദഗതി വഴി 312-ാം അനുച്ഛേദത്തില്‍ ഇത് ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. എന്നാല്‍, അത് വിശാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നത്.

നേരത്തേയും ഇതിനായി നീക്കം നടന്നെങ്കിലും ഒമ്പത് ഹൈക്കോടതികള്‍ അതിനെ എതിര്‍ത്തു. എട്ടു ഹൈക്കോടതികള്‍ നിര്‍ദിഷ്ട ബില്ലില്‍ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ജുഡീഷ്യല്‍ സര്‍വീസുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന.

Content Highlights: All India Judicial Services to be launched soon, UPSC