കോഴിക്കോട്: പി.എസ്.സി.യുടെ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് സാധ്യതാ റാങ്ക് ലിസ്റ്റില്‍ കാര്‍ഷിക ബിരുദധാരികളെ ഉള്‍പ്പെടുത്തിയതിനെതിരേ ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തി. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൃഷിശാസ്ത്ര ഡിപ്ലോമയും അതിന്റെ അഭാവത്തില്‍മാത്രം വി.എച്ച്.എസ്.ഇ. അഗ്രിക്കള്‍ച്ചര്‍ യോഗ്യതയുള്ളവരെയും പരിഗണിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. ഇതിനു വിരുദ്ധമായാണ് പി.എസ്.സി. നടപടിയെന്നാണ് ഡിപ്ലോമക്കാരുടെ പരാതി. വിജ്ഞാപനത്തില്‍ നേരത്തേ ഇക്കാര്യം പറഞ്ഞിരുന്നില്ല.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പട്ടാമ്പി നെല്ല് ഗവേഷണകേന്ദ്രത്തില്‍നിന്ന് കൃഷി ശാസ്ത്രത്തിലുള്ള ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞവരെയാണ് ഈ തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. ഡിപ്ലോമക്കാര്‍ക്ക് കൃഷിവകുപ്പിന്റെ കീഴില്‍ കൃഷി അസിസ്റ്റന്റ് തസ്തിക മാത്രമാണ് ഏക അവസരമായി നിലവിലുള്ളത്. 12 ബാച്ചുകളിലായി വിവിധ കാലയളവില്‍ പുറത്തിറങ്ങിയ ഉദ്യോഗാര്‍ഥികള്‍ 600 ഉണ്ടായിരിക്കെ ബിരുദക്കാരെയും ഉള്‍പ്പെടുത്തി 729 പേരുടെ സാധ്യതാപട്ടികയാണ് തയ്യാറാക്കിയത്. 

കൃഷി അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവില്‍ 268 ഒഴിവുകളാണുള്ളത്. ഇതില്‍ 247 പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലുള്ള പി.എസ്.സി. ഉത്തരവനുസരിച്ച് ഡിപ്ലോമയാണ് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ടിന്റെ തസ്തികയിലേക്കുള്ള അടിസ്ഥാനയോഗ്യത. ഡിപ്ലോമക്കാര്‍ ഇല്ലാത്ത സാഹചര്യം വരികയാണെങ്കില്‍ അധികയോഗ്യതയുള്ളവരെ പരിഗണിക്കാമെന്നും ഇത് കമ്മിഷന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്നുമാണ് പി.എസ്.സി. നല്‍കുന്ന വിശദീകരണം. എന്നാല്‍, കെ.എസിന്റെയും എസ്.എസ്.ആറിന്റെയും റൂള്‍ 10(2) പാര്‍ട്ടില്‍, യഥാര്‍ഥ യോഗ്യതയുള്ളവരില്ലെങ്കില്‍മാത്രം ഉയര്‍ന്ന യോഗ്യതയുള്ളവരെ പരിഗണിക്കാമെന്നാണ് പറയുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയുമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ ട്രിബ്യൂണലിനെയും സമീപിച്ചു. ഇത്തരമൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടു. ഇതിന് പി.എസ്.സി. മറുപടി കൊടുത്തിട്ടില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

Content Highlights: Agricultural Assistant appointment, the inclusion of graduates in the provisional list became controversial