തിരുവനന്തപുരം: കേരള ഭരണ സര്‍വീസിന്റെ (കെ.എ.എസ്.) തസ്തികനിര്‍ണയം പൂര്‍ത്തിയായി. 24 വകുപ്പുകളില്‍ നിന്ന് 105 തസ്തിക കെ.എ.എസിലേക്കു മാറ്റി ഉത്തരവായി. 14 എണ്ണം സംസ്ഥാന ജി.എസ്.ടി. വകുപ്പില്‍ നിന്നാണെടുത്തത്. അസി. കമ്മിഷണര്‍മാരുടേതാണ് ഈ തസ്തികകള്‍. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍നിന്ന് പതിമ്മൂന്നും ധനവിഭാഗത്തില്‍നിന്ന് മൂന്നും ഉള്‍പ്പെടെ പതിനാറെണ്ണം കെ.എ.എസിലേക്കെടുത്തു. അണ്ടര്‍ സെക്രട്ടറിമാരുടേതാണ് ഈ തസ്തികകള്‍.

നേരിട്ട് നിയമനം നടത്താറുള്ള ജനറല്‍ സര്‍വീസില്‍നിന്ന് ഡെപ്യൂട്ടി കളക്ടറുടെയും ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റിന്റെയും ഒമ്പതെണ്ണം വീതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മൂന്നെണ്ണവും കെ.എ.എസിലുള്‍പ്പെടുത്തി. ഒഴിവുകള്‍ ഉടന്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യും. 

കെ.എ.എസ്. ആദ്യ റാങ്ക്പട്ടിക തയ്യാറാക്കുന്ന നടപടി പി.എസ്.സി. വേഗത്തിലാക്കി. മൂന്ന് കാറ്റഗറികളിലെയും അപേക്ഷകര്‍ക്ക് രണ്ടുഘട്ട പരീക്ഷ പൂര്‍ത്തിയാക്കി. വിവരണാത്മക രീതിയിലുള്ള രണ്ടാം പരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചു. ഈ മാസമോ മാര്‍ച്ച് ആദ്യമോ ഫലം പ്രസിദ്ധീകരിക്കും. മാര്‍ച്ചില്‍ അഭിമുഖം നടത്തി ഏപ്രില്‍ ആദ്യം റാങ്ക്പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യം. മൂന്ന് കാറ്റഗറികളില്‍ നിന്നായി 35 വീതം ആള്‍ക്കാര്‍ക്ക് നിയമനം നല്‍കും.

Content Highlights: A total of 105 vacant posts in Kerala Administrative Services, Kerala PSC