ന്യൂഡല്‍ഹി: 92 ശതമാനം ഇന്ത്യന്‍ യുവാക്കള്‍ക്കും ഓണ്‍ലൈന്‍ പ്ലേസ്‌മെന്റ് സേവനങ്ങളെക്കുറിച്ച് അറിയില്ലെന്ന് സര്‍വേ ഫലം. ജോലി തിരയുന്ന ഉദ്യോഗാര്‍ഥികളുടെ ആദ്യപരിഗണന സര്‍ക്കാര്‍ മേഖലയിലെ ജോലികളാണെന്നും മൈക്കല്‍ ആന്‍ഡ് സൂസന്‍ ഡെല്‍ ഫൗണ്ടേഷന്‍ (എം.എസ്.ഡി.എഫ്) നടത്തിയ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 

1605 വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 38 ശതമാനം യുവ പ്രൊഫഷണലുകളും സംരംഭകത്വം നേടാന്‍ ആഗ്രഹിക്കുന്നുവെന്നും 88 ശതമാനം യുവാക്കള്‍ സാങ്കേതിക ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണെന്നും സര്‍വേ വെളിപ്പെടുത്തി.

പ്രതിവര്‍ഷം 12 ദശലക്ഷത്തിലധികം ആളുകള്‍ വിവിധ തൊഴിലുകളില്‍ പ്രവേശിക്കുന്നുവെന്ന് മിക്കവരും വിശ്വസിക്കുന്നതായി പഠനം എടുത്തുകാണിക്കുന്നു. അതേസമയം യഥാര്‍ഥത്തില്‍ ഇത് അഞ്ച് ദശലക്ഷത്തില്‍ താഴെയാണ്. യുവജനങ്ങളുടെ തൊഴിലില്ലായ്മാ നിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം ആളുകളും തങ്ങളുടെ വിദ്യാഭ്യാസവും തൊഴില്‍പരിശീലനവും അപര്യാപ്തമാണെന്നും മെച്ചപ്പെട്ടതും ഉയര്‍ന്നതുമായ ജോലിയില്‍ പ്രവേശിക്കാനുള്ള സാധ്യത നല്‍കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. എം.എസ്.ഡി.എഫിന്റെ ഇന്ത്യ എജ്യുക്കേഷന്‍ ഓണ്‍ട്രപ്രണേര്‍ഷിപ് ഡേയുടെ ആറാമത് വാര്‍ഷിക പതിപ്പിലാണ് സര്‍വേ ഫലം അവതരിപ്പിച്ചത്.

ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് എം.എസ്.ഡി.എഫ് സര്‍വേ നടത്തിയത്. ഇന്ത്യന്‍ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ വെല്ലുവിളികള്‍ നയ നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് സര്‍വേയുടെ ലക്ഷ്യമെന്ന് എം.എസ്.ഡി.എഫ് പ്രോഗ്രാം ഡയറക്ടര്‍ റാഹില്‍ രംഗ്വാല പറഞ്ഞു.

Content Highlights: 92% Indian youth unaware of e-placement services: Survey