പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളില്‍ സാങ്കേതികവിഭാഗം അനധ്യാപകരുടെ 90 തസ്തികകള്‍ നിലവില്‍വന്നു. ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്‌പെക്ടര്‍, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് സ്ഥിരനിയമനങ്ങള്‍ക്ക് അനുമതിയായത്.

ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാരവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് അധികൃതര്‍ പറഞ്ഞു.

ട്രേഡ്‌സ്മാന്‍-51, ട്രേഡ് ഇന്‍സ്‌പെക്ടര്‍-24. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (2)-ഏഴ്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (1)-നാല്, സിസ്റ്റം അനലിസ്റ്റ്-രണ്ട്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-ഒന്ന്, മോഡല്‍ മേക്കര്‍-ഒന്ന് എന്നീ തസ്തികകളാണ് അനുവദിച്ചത്.

പാലക്കാട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പുതിയ 15 തസ്തികകളുണ്ട്. ട്രേഡ്‌സ്മാന്‍-ഏഴ്, ട്രേഡ് ഇന്‍സ്ട്രക്ടര്‍-അഞ്ച്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (2)-രണ്ട് എന്നിവയാണിത്. സിസ്റ്റം അനലിസ്റ്റിന്റെ ഒരു തസ്തികയുമുണ്ട്. വയനാട് എന്‍ജിനിയറിങ് കോളേജില്‍ 13 തസ്തികകളാണുള്ളത്. ട്രേഡ്‌സ്മാന്‍- ഏഴ്, ട്രേഡ് ഇന്‍സ്ട്രക്ടര്‍- അഞ്ച്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (2) - ഒന്ന് എന്നിവയാണിവ. കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരം- ഏഴ്, ഗവ. എന്‍ജി. കോളേജ്, ബാര്‍ട്ടണ്‍ഹില്‍, തിരുവനന്തപുരം- 10, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോട്ടയം- എട്ട്, ഗവ. എന്‍ജിനിയറിങ് കോളേജ്, ഇടുക്കി-10, തൃശ്ശൂര്‍- 11, കോഴിക്കോട്- 11, കണ്ണൂര്‍- അഞ്ച് എന്നിങ്ങനെയാണ് മറ്റുതസ്തികകള്‍.

ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാരവകുപ്പിന്റെ ശുപാര്‍ശപ്രകാരം 183 തസ്തികകള്‍ സൃഷ്ടിക്കാനായിരുന്നു ആദ്യനിര്‍ദേശം. ഇതിനായി പ്രതിവര്‍ഷം 6.15 കോടി രൂപയുടെ അധികബാധ്യതയുണ്ടാവുമെന്നും കണക്കാക്കിയിരുന്നു. നിയമനങ്ങള്‍ക്ക് അനുമതി ആവശ്യപ്പെട്ട് സാങ്കേതികവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ ധനവകുപ്പ് അംഗീകരിച്ചില്ല. സാമ്പത്തികപ്രതിസന്ധിയുടെ സമയത്ത് അധിക തസ്തികകള്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. പിന്നീട്, വിവിധതലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തസ്തികകളുടെ എണ്ണം പകുതിയില്‍ താഴെയായി കുറയ്ക്കാനും ഘട്ടംഘട്ടമായി ബാക്കിയുള്ളവ അനുവദിക്കാനും തീരുമാനമായത്.

ഇതുപ്രകാരം 90 തസ്തികകള്‍ക്കുള്ള പുതുക്കിയ ശുപാര്‍ശ നല്‍കി ധനവകുപ്പിന്റെ അനുമതി നേടി. ഈ നിയമനങ്ങള്‍ക്കായി പ്രതിവര്‍ഷം മൂന്നുകോടി രൂപയാണ് അധികച്ചെലവായി കണക്കാക്കിയിട്ടുള്ളത്.

Content Highlights; 90 non teaching staff posts in engineering college