തിരുവനന്തപുരം: കോളേജ് അധ്യാപകര്‍ക്ക് ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യാപനം ഉറപ്പാക്കിയും പി.ജി. വെയ്‌റ്റേജ് ഒഴിവാക്കിയും സര്‍ക്കാര്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ എയ്ഡഡ് കോളേജുകളിലായി 721 അധ്യാപക തസ്തികകള്‍ക്ക് ധനവകുപ്പ് അംഗീകാരം നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവായ ശേഷമേ ഇക്കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടാകൂ.
ദീര്‍ഘകാലമായി നിലനിന്ന തര്‍ക്കത്തിനാണ് ഇതോടെ തീരുമാനമായത്. 16 മണിക്കൂര്‍ അടിസ്ഥാനമാക്കി കണക്കാക്കിയ ശേഷം അവസാനം വരുന്ന ഒമ്പത് മണിക്കൂറിനും നേരത്തേ തസ്തിക അനുവദിച്ചിരുന്നു. പി.ജി. കോഴ്‌സുകള്‍ക്ക് ഒരു മണിക്കൂര്‍ ഒന്നര മണിക്കൂറായും കണക്കാക്കിയിരുന്നു. ഈ രണ്ട് വ്യവസ്ഥകളും ഒഴിവാക്കാതെ പുതിയ തസ്തിക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ധനവകുപ്പിന്. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പലകുറി ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നെങ്കിലും ഭാരിച്ച സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് വഴങ്ങിയില്ല.
2013-14ല്‍ എയ്ഡഡ് കോളേജുകളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്കാണ് ഇപ്പോള്‍ അധ്യാപക തസ്തിക അനുവദിക്കുന്നത്. ഇതോടൊപ്പം സര്‍ക്കാര്‍ കോളേജുകളില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് അധ്യാപക തസ്തിക നേരത്തേ സൃഷ്ടിച്ചിരുന്നു. ഇതിന് പുറമേ 197 കോഴ്‌സുകള്‍ വിവിധ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലായി അടുത്തയിടെ അനുവദിച്ചിട്ടുണ്ട്. ഇവയ്ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞേ തസ്തിക അനുവദിക്കാനാകൂവെന്ന് വ്യക്തമാക്കിയാണ് കോഴ്‌സുകള്‍ നല്‍കിയത്.
ഇപ്പോള്‍ അനുവദിച്ച പുതിയ തസ്തികകള്‍ക്കായി പ്രതിവര്‍ഷം 35 കോടിയോളം രൂപയാണ് ശമ്പളയിനത്തില്‍ തുടക്കത്തില്‍ വേണ്ടിവരുക. 16 മണിക്കൂര്‍ നിബന്ധനയും പിജി വെയ്‌റ്റേജ് ഒഴിവാക്കലുമില്ലാതെ ആയിരത്തോളം തസ്തികകളാണ് ആദ്യം കണക്കാക്കിയിരുന്നത്. മാനദണ്ഡം പുതുക്കിയതോടെയാണ് തസ്തിക 721ല്‍ പരിമിതപ്പെട്ടത്.
Content Highlights: 721 more lecturer vacancies in Aided colleges, Job vacancy