തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴില്‍രഹിതരായ പ്രൊഫഷണല്‍ ബിരുദധാരികളുടെ എണ്ണം വര്‍ധിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ജോലിയില്ലാത്ത ഡോക്ടര്‍മാരുടെയും എന്‍ജിനിയര്‍മാരുടെയും എണ്ണം അഞ്ചുമാസത്തിനിടെ കൂടിയതായി കെ.ജെ. മാക്‌സിയുടെ ചോദ്യത്തിന് മന്ത്രി മറുപടിനല്‍കി.

തൊഴില്‍രഹിതരായ എന്‍ജിനിയര്‍മാരുടെ എണ്ണം 45,913 ആണ്. കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിനിയര്‍മാരുടെ എണ്ണം 44,559 ആയിരുന്നു. തൊഴിലില്ലാത്ത ഡോക്ടര്‍മാരുടെ എണ്ണം 8753 ആണ്. നേരത്തേയിത് 7303 ആയിരുന്നു. സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 34.18 ലക്ഷം തൊഴില്‍രഹിതരാണുള്ളത്.

മാസം 120 രൂപ നിരക്കില്‍ 85,122 പേര്‍ 2019-20 വര്‍ഷത്തില്‍ തൊഴില്‍രഹിത വേതനം വാങ്ങിയിട്ടുണ്ട്. ആകെയുള്ള 34,18,072 തൊഴില്‍ രഹിതരില്‍ 21,73,492 പേരും സ്ത്രീകളാണ്. തൊഴില്‍ രഹിതരില്‍ 3,06,705 പേര്‍ ബിരുദധാരികളും 83,273 പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. പ്രൊഫഷനല്‍, സങ്കേതിക യോഗ്യത നേടിയവര്‍ 1,45,619 പേരാണ്.

Content Highlights: 45913 engineering and 8753 medical graduates are unemployed in the state, says minister tp ramakrishnan