സെക്രട്ടേറിയറ്റിലെ 167 ടൈപ്പിസ്റ്റ് (കംപ്യൂട്ടര്‍ അസിസ്റ്റന്റ്)മാരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കുന്നു. ഇതോടെ റാങ്ക്പട്ടികയില്‍നിന്നുള്ള നിയമനങ്ങള്‍ നിലയ്ക്കും. പുനര്‍വിന്യാസ ഉത്തരവ് ഉടന്‍
പുറത്തിറങ്ങുമെന്നാണ് വിവരം.
 
ഓഫീസ് അറ്റന്‍ഡന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ സെക്രട്ടേറിയറ്റില്‍ അധികം ജീവനക്കാരുണ്ടെന്ന് ഉദ്യോഗസ്ഥ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുനര്‍വിന്യാസ ഉത്തരവിറക്കുന്നത്. രണ്ട് തസ്തികകളിലായി 450 പേര്‍ ആവശ്യമുള്ളപ്പോള്‍ 750 പേര്‍ ജോലിചെയ്യുന്നുവെന്നാണ് സമിതി കണ്ടെത്തിയത്. അധികമുള്ളവരെ മറ്റ് വകുപ്പുകളിലെ സമാന തസ്തികകളിലേക്ക് മാറ്റാനാണ് നിര്‍ദേശം.
 
റവന്യൂ, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലേക്കായിരിക്കും പുനര്‍വിന്യാസം. ഒഴിവുണ്ടായിരുന്ന 220 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകള്‍ നേരത്തെ നിര്‍ത്തിയിരുന്നു.
 
ഇ-ഫയല്‍ സംവിധാനം നിലവില്‍വന്നതിനാല്‍ ഓഫീസ് അറ്റന്‍ഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിലുള്ളവര്‍ക്ക് കാര്യമായ ജോലിയില്ലെന്നാണ് സമിതി വിലയിരുത്തിയത്.
 
Content Highlights: 167 Typist posts are transferred from the Secretariat