കോഴിക്കോട്: എയ്ഡഡ് കോളേജുകളിലെ അധ്യാപകതസ്തികയ്ക്ക് ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യാപനസമയം ഉറപ്പാക്കിയ തീരുമാനം ഏകാധ്യാപകവകുപ്പുകള്‍ക്ക് മരണമണിയാവുമെന്ന് ആശങ്ക. കോളേജുകളില്‍ സ്റ്റാറ്റിസ്റ്റിക്‌സും കംപ്യൂട്ടര്‍ സയന്‍സുംപോലുള്ള വിഷയങ്ങളുടെ നിലനില്‍പ്പിനുതന്നെ നടപടി ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എയ്ഡഡ് കോളേജുകളില്‍ 2013-14ല്‍ അനുമതിനല്‍കിയ കോഴ്‌സുകളില്‍ 721 അധ്യാപനതസ്തികകള്‍ സൃഷ്ടിക്കാനാണ് തീരുമാനമായിട്ടുള്ളത്. 16 മണിക്കൂര്‍ അധ്യാപനസമയം നിര്‍ബന്ധമാക്കിയതിനാല്‍ പുതുതായി സൃഷ്ടിച്ച തസ്തികകളില്‍ ഏകാധ്യാപകവകുപ്പുകളിലെ അധ്യാപകര്‍ ഉള്‍പ്പെടില്ല. അധ്യാപകസംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.
ആഴ്ചയില്‍ ഒന്‍പതുമണിക്കൂറില്‍ കൂടുതല്‍ അധ്യാപനസമയമുണ്ടെങ്കില്‍ തസ്തിക അനുവദിക്കാമെന്നായിരുന്നു 2018-ലെ ഉത്തരവ്. എന്നാല്‍, ഈ വര്‍ഷം ഏപ്രിലില്‍ ഇറക്കിയ ഉത്തരവില്‍ 16 മണിക്കൂര്‍ വേണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു.
സ്റ്റാറ്റിസ്റ്റിക്‌സും കംപ്യൂട്ടര്‍ സയന്‍സും ഒട്ടേറെ ഭാഷാവിഷയങ്ങളും മിക്ക കോളേജുകളിലും ഏകാധ്യാപകവകുപ്പുകളാണ്. ഭൂരിപക്ഷം കോളേജിലുമുള്ള കോഴ്‌സാണ് ബി.എസ്‌സി. മാത്തമാറ്റിക്‌സ്. ഈ കോഴ്‌സിന്റെ നിര്‍ബന്ധിത സപ്ലിമെന്ററി വിഷയമാണ് സ്റ്റാറ്റിസ്റ്റിക്‌സ്. എന്നാല്‍, സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകര്‍ക്ക് 13നും 16നും ഇടയിലേ അധ്യാപനസമയമുണ്ടാവൂ. പുതിയ തീരുമാനം നടപ്പായാല്‍ ഗണിത ബിരുദ കോഴ്‌സുള്ള ഭൂരിപക്ഷം കോളേജുകളിലും സ്റ്റാറ്റിസ്റ്റിക്‌സ് അധ്യാപകതസ്തിക ഇല്ലാതാവും. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ഏകാധ്യാപകവകുപ്പുകളും സമാനമായ ഭീഷണിയിലാണ്.
ഏകാധ്യാപകവിഷയങ്ങളില്‍ അധ്യാപകര്‍ ഇല്ലാതാകുമ്പോള്‍ ഈ വിഷയങ്ങളില്‍ അധ്യാപനം മുന്നില്‍ക്കണ്ട് ബിരുദാനന്തരബിരുദമെടുത്ത് പഠിക്കാനുള്ള കുട്ടികളുടെ താത്പര്യംതന്നെ ഇല്ലാതാവും.
ഏകാധ്യാപകവകുപ്പുകള്‍ നിലനിര്‍ത്തണം
ഏകാധ്യാപകവകുപ്പുകള്‍ ഇല്ലാതാവുന്നത് ചില വിഷയങ്ങളുടെ പ്രാതിനിധ്യംതന്നെ അവസാനിക്കാന്‍ ഇടയാക്കും. ചെലവ് നോക്കിയല്ല ഇക്കാര്യത്തില്‍ നിലപാടെടുക്കേണ്ടത്. ഏകാധ്യാപക തസ്തികകള്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. സി. പത്മനാഭന്‍, ഓള്‍ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി
Content Highlights: 16 hours of teaching time for new teaching posts; single teacher departments under threat