തിരുവനന്തപുരം: വനിതകള്‍ ഉള്‍പ്പെടെ ഗോത്രവര്‍ഗക്കാരായ 100 പേര്‍ക്ക് പോലീസിലും എക്‌സൈസിലും പി.എസ്.സി.വഴി നിയമനം നല്‍കുന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ പ്രാക്തനഗോത്രക്കാരായ പണിയര്‍, അടിയാന്‍, കാട്ടുനായ്ക്കന്‍ എന്നീ വിഭാഗക്കാര്‍ക്കാണ് പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ സിവില്‍ ഓഫീസര്‍മാരായി നിയമനം നല്‍കുന്നത്. ഗോത്രവര്‍ഗ-വനം വകുപ്പുകളുടെ സഹായത്തോടെ കാട്ടിലെത്തി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്താണ് റാങ്ക്പട്ടിക തയ്യാറാക്കിയത്.

മൂന്ന് ജില്ലകളില്‍ ഇതിനുള്ള 10 റാങ്ക്പട്ടികകള്‍ക്ക് അംഗീകാരം നല്‍കിയതായി പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുദിവസത്തിനകം വെബ്‌സൈറ്റില്‍ ഇവ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ആദ്യവാരം ഉദ്യോഗാര്‍ഥികളെ വിളിച്ചുവരുത്തി നിയമനശുപാര്‍ശ നേരിട്ട് കൈമാറും.

പോലീസിലെയും എക്‌സൈസിലെയും സ്ഥിരം നിയമനത്തിന് ഉദ്യോഗാര്‍ഥികളെ വനപ്രദേശങ്ങളിലെത്തി നേരിട്ട് തിരഞ്ഞെടുക്കുന്നത് ആദ്യമായാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. യോഗ്യതകളിലും കായികപരീക്ഷയിലും ഇളവുകള്‍ നല്‍കിയാണ് തിരഞ്ഞെടുപ്പുപ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ റാങ്ക്പട്ടികയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്. അതിനുള്ളില്‍ ഇവര്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്കും ഇതില്‍നിന്ന് നിയമനം നടത്തും.

എല്‍.ഡി. ക്ലാര്‍ക്കിന്റെ നിലവിലുള്ള റാങ്ക്പട്ടിക മാര്‍ച്ച് 30-ന് മൂന്നുവര്‍ഷം തികയ്ക്കുമെങ്കിലും അന്ന് അവധിയായതിനാല്‍ മാര്‍ച്ച് 31-ന് അര്‍ധരാത്രിവരെ സമയം ലഭിക്കും. അതുവരെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് നിയമനശുപാര്‍ശ നല്‍കും. പുതിയ റാങ്ക്പട്ടിക ഏപ്രില്‍ രണ്ടിന് പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ പരീക്ഷാരീതിയും ഘടനയും സംബന്ധിച്ച് പൊതുഭരണ വകുപ്പുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിനുശേഷമേ അന്തിമരൂപം തയ്യാറാക്കുകയുള്ളൂ. ഒഴിവുകള്‍ അറിയിച്ചാല്‍ രണ്ട് മാസത്തിനകം പി.എസ്.സി.ക്ക് വിജ്ഞാപനം തയ്യാറാക്കാനാകും.

ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് ഉറപ്പാക്കാന്‍ പി.എസ്.സി.യുടെ പരീക്ഷാ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ ആലോചനയുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. പരീക്ഷയെഴുതുമെന്ന് സമ്മതിക്കുന്ന രേഖ അപേക്ഷകര്‍ ഓണ്‍ലൈനില്‍ നല്‍കണം. അങ്ങനെ ചെയ്യുന്നവര്‍ക്കുമാത്രമേ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകൂ. അവര്‍ക്ക് മാത്രമായി പരീക്ഷാസൗകര്യം പരിമിതപ്പെടുത്താനാണ് ആലോചിക്കുന്നത്. അടുത്ത കമ്മിഷന്‍ യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും.

അംഗങ്ങളായ സി. സുരേശന്‍, ഡോ. എം.ആര്‍. ബൈജു, സെക്രട്ടറി സാജു ജോര്‍ജ്, അഡീഷണല്‍ സെക്രട്ടറി ആര്‍. ഗീത, ജില്ലാ ഓഫീസര്‍മാരായ ടി.കെ. ജോസഫ്, ഷെയ്ക്ക് ഹുസൈന്‍, ടി.ആര്‍. അനില്‍കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പി.എസ്.സി. നിയമനശുപാര്‍ശ ചെയ്യുന്നവരുടെ എണ്ണം

ജില്ല പുരുഷ പോലീസ് വനിതാ പോലീസ് പുരുഷ എക്‌സൈസ് വനിതാ എക്‌സൈസ്

വയനാട് 40 12 15 2

പാലക്കാട് 10 5 5 0

മലപ്പുറം 4 4 3 0

ആകെ 54 21 23 2