അങ്കമാലി: യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സംരംഭകരുടെ സ്റ്റാര്‍ട്ട് അപ് ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവതയുടെ കര്‍മശേഷിക്ക് അതിരില്ലെന്ന് തെളിയിക്കുന്നതാണ് ഇവിടത്തെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച. യുവതയുടെ പരിധിക്ക് അതിരില്ല. ആകാശം വരെയാണ് പരിധി. സര്‍ക്കാര്‍ എല്ലാത്തിനും ഒപ്പം ഉണ്ടാകും. സ്റ്റാര്‍ട്ട് അപ് മേഖലയില്‍ നമ്മുടെ നാടിന്റെ കര്‍മശേഷി വിളിച്ചോതുന്ന നിരവധി മാതൃകകള്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങളും നമ്മുടെ യുവജനത ചെയ്യുമെന്ന് തനിക്കുറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആംബുലന്‍സുകള്‍ക്ക് ട്രാഫിക് സിഗ്നലുകളില്‍ ഓട്ടോമാറ്റിക്കായി പച്ചലൈറ്റ് തെളിയിക്കുന്ന ആപ്ലിക്കേഷന്‍ പോലീസിന് കൈമാറുന്ന ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു. റോജി എം. ജോണ്‍ എം.എല്‍.എയും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും ഊര്‍ജസ്വലമായ സ്റ്റാര്‍ട്ട് അപ് മാതൃകയാണ് കേരളത്തില്‍ കാണുന്നതെന്നും ഇത് രാജ്യമാകെ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജ് പറഞ്ഞു. 2020 ആകുമ്പോഴേയ്ക്കും ഒരു പുതിയ ഇന്ത്യയും കേരളവുമാണ് ഇവിടെ കാണേണ്ടത്. യുവജനങ്ങള്‍ എന്താണ് ഇനി ചെയ്യാന്‍ പോകുന്നതെന്ന് രാജ്യം ഉറ്റുനോക്കുകയാണ്.

വിദ്യാര്‍ഥിതലം മുതല്‍ ഇന്‍കുബേഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു. പരീക്ഷണങ്ങളിലൂടെ മാത്രമേ സ്റ്റാര്‍ട്ട് അപ് രംഗം വികസിക്കൂ എന്ന് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥ് പറഞ്ഞു. ഐ.ഇ.ഡി.സിയുടെ പ്രധാന ഉദ്ദേശ്യം തന്നെ വിദ്യാര്‍ഥികള്‍ക്കും തുടക്കക്കാര്‍ക്കും ഇത്തരം പരീക്ഷണം നടത്താന്‍ വേദിയൊരുക്കുകയെന്നതാണ്. പരാജയപ്പെടുന്ന പരീക്ഷണങ്ങളാണ് കൂടുതലും. എന്നാല്‍, അതിലൂടെ മാത്രമേ മികച്ച ആശയം സാധ്യമാക്കാന്‍ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് അടുത്ത സിലിക്കണ്‍വാലിയാകാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കുെഞ്ചറിയ പി. ഐസക് പറഞ്ഞു. സംരംഭകത്വം വളര്‍ത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ കോളേജുകള്‍ വഴി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സാങ്കേതികവിദ്യ ഇന്ത്യയില്‍ വൈകി എത്തിയിരുന്ന കാലം കഴിഞ്ഞുവെന്ന് ഗൂഗിള്‍ ഇന്ത്യയുടെ സി.ഇ.ഒ. രാജന്‍ ആനന്ദ് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പുകളെ ഇന്ന് ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. തെങ്ങ് അടിസ്ഥാനമാക്കി പോലും ഇവിടെ സ്റ്റാര്‍ട്ട് അപ്പുകള്‍ വരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഡിജിറ്റല്‍രംഗത്ത് രാജ്യത്ത് വിപ്ലമാത്മകമായ മാറ്റമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ രാജ്യത്താദ്യമായി ഐ.ഇ.ഡി.സിയിലൂടെ എയര്‍ഡ്രോപ്പ് ചെയ്തു. പ്രാദേശികമായ ഡിജിറ്റല്‍ കറന്‍സി വിപുലീകരിക്കുന്നതിനു വേണ്ടി സാമ്പത്തിക സാങ്കേതിക വിദ്യാ (ഫിന്‍ടെക്) സ്ഥാപനങ്ങളും 11 മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്നു നടത്തുന്ന ആഗോള പദ്ധതിയാണിത്. ഇതു കൂടാതെ ഫേസ്ബുക്ക് ഡെവലപ്പര്‍ കമ്മ്യൂണിറ്റിയുടെ കൊച്ചിയിലെ ഉദ്ഘാടനം, വിവിധ നിക്ഷേപ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കല്‍ എന്നിവയും ഉച്ചകോടിയോടനുബന്ധമായി നടന്നു.