വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികൾ നിലവിലുണ്ട്. അടുത്ത വർഷങ്ങളിലായി അതിൽ നല്ല വർദ്ധനയും കാണാനാകുന്നുണ്ട്. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഇത്തരത്തിലുള്ള പദ്ധതികൾ നടക്കുന്നു.  കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന രണ്ട് പദ്ധതികളെക്കുറിച്ചാകട്ടെ ഇത്തവണ.

എംപവർ സോൺ

വനിതാ സംരംഭകർക്കായുള്ള സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പദ്ധതിയാണ് സോൺ സ്റ്റാർട്ടപ്പ്സ് നടത്തുന്ന എംപവർ സോൺ.  15 വനിതാ സംരംഭകർ അടങ്ങുന്ന സംഘത്തിന് പദ്ധതിയുെട ഭാഗമായി ആറ് ആഴ്ച പരിശീലനം നൽകും. ഏപ്രിലിലാണ് പദ്ധതിക്ക് തുടക്കമായത്. ജൂലായ് 29ന് ആദ്യ ബാച്ചിന്റെ പരിശീലനം സമാപിച്ചു.

മുംബൈയിൽ ബി.എസ്.ഇ.കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന സോൺ സ്റ്റാർട്ടപ്പിന്റെ ഓഫീസിലും മറ്റൊരു പങ്കാളിയായ നിഷിത് ദേശായ് അസോസിയേറ്റ്സിന്റെ  ഓഫീസിലുമായിട്ടാണ് പരിശീലനങ്ങൾ. ശില്പശാലകളും പ്രഭാഷണവുമാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്.  ഇന്ത്യയിൽ എവിടെനിന്നുമുള്ള വനിതാ സംരംഭകർക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവും താമസ സൗകര്യവും പദ്ധതിയുടെ ഭാഗമായി ലഭിക്കും.  

പരിശീലനത്തിൽ മികവ് കാണിക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക്  സമ്മാനവുമുണ്ട്. ഒന്നാം സ്ഥാനത്തിന് 10 ലക്ഷവും രണ്ടാം സ്ഥാനത്തിന്‌ ഏഴ് ലക്ഷവും മൂന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷവും ലഭിക്കും. 15 പേരിൽ ഒരാൾക്ക് സൗജന്യമായി വടക്കേ അമേരിക്കയിൽ സ്ഥിതിചെയ്യുന്ന ഡിജിറ്റൽ മീഡിയ സോൺ ഇൻക്യുബേറ്റർ സന്ദർശിക്കാനും അവിടന്ന് പരിശീലനം നേടാനും അവസരം ലഭിക്കും. 

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുഹാനി മോഹൻ സ്ഥാപകയായ സരൾ ഡിസൈൻസ് എന്ന സ്ഥാപനമാണ് ആദ്യ ബാച്ചിൽ 10 ലക്ഷം രൂപയ്ക്ക് അർഹമായത്. രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചത് ഡാസ്ൽ സ്ഥാപക അദിതി ഛദ്ദയ്ക്കും ശുഭ് പൂജ സ്ഥാപക സൗമ്യ വർധനുമാണ്. ഈ സ്ഥാപനങ്ങളിലേക്ക് സീഡ് നിക്ഷേപമായാണ് ഈ പാരിതോഷിക തുകകൾ നൽകുന്നത്.

ഡിജിറ്റൽ മീഡിയ സോൺ സന്ദർശിക്കാൻ അവസരം ലഭിച്ചത് ക്ലൗഡ് റിനോയുടെ സ്ഥാപകയായ താരുഷ മിത്തലിനും.   വിജയകരമായി ആദ്യ ബാച്ച് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഈ പദ്ധതിയുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും എന്നാണ് അധികൃതർ പറയുന്നത്. ഒരു വർഷം മൂന്ന് ബാച്ചുകൾ വീതം നടത്താനാണ് പദ്ധതിയെന്ന് സോൺ സ്റ്റാർട്ടപ്പ്സ് ഇന്ത്യ മേധാവി അജയ് പറയുന്നു. കൂടുതൽ വിവരങ്ങള്‍ക്ക്: http://empowerzone.me/ 

ഡബ്ല്യു. ഇ.ക്യു.

അനിത ബോർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ എന്ന ലാഭരഹിത സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് ഡബ്ല്യു. ഇ.ക്യു. (Women Entrepreneurship Quest). തുടക്കക്കാരായ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഈ പദ്ധതി. സ്റ്റാർട്ടപ്പ് മത്സരത്തിന്റെ മാതൃകയിലാണ് ഈ പദ്ധതി.  

തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബെംഗളൂരുവിൽ നടക്കുന്ന ജി.എച്ച്.സി.ഐ. കോൺഫറൻസിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന 10 പേർക്ക് സിലിക്കൺ വാലി സന്ദർശിക്കുന്നതിനുള്ള അവസരമാണ് പാരിതോഷികമായി ലഭിക്കുന്നത്. സ്റ്റാൻഫഡ്, െബർക് ലി എന്നീ സർവകലാശാലകൾ സന്ദർശിക്കുന്നതിനും അവിടെ നിന്ന് പരിശീലനം നേടുന്നതിനും അവസരമുണ്ട്. 

എല്ലാ വർഷവും നടക്കുന്നതാണ് ഈ പദ്ധതി. ഇതിന്റെ ആറാമത്തെ പതിപ്പാണ് ഈ വർഷം. എല്ലാ വർഷവും ജി.എച്ച്.സി.ഐ. കോൺഫറൻസിനോട്  അനുബന്ധിച്ചാണ് ഇത് നടക്കുന്നതും. കോൺഫറൻസിന്റെ സമാപന വേളയിലാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.  ഡബ്ല്യു. ഇ.ക്യു.വിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 16 വരെ അപേക്ഷകൾ സ്വീകരിക്കും. ജി.എച്ച്.സി.ഐ. വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.  http://bit.ly/2dQgyKo

ഭാഗമാകാം എഫ്.ബി. ലൈവിൽ

ഡബ്ല്യു. ഇ.ക്യു. എന്ന പദ്ധതിയും അതു നൽകുന്ന അവസരങ്ങളും എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി മുൻകാല വിജയികളിൽ ചിലർ എഫ്.ബി. ലൈവ് വഴി അവരുടെ കഥകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. സംരംഭകത്വ പ്രയാണത്തെപ്പറ്റിയും സിലിക്കൺവാലി യാത്രയെപ്പറ്റിയും എല്ലാമുള്ള അനുഭവങ്ങൾ ഇവിടെ കേട്ടറിയാം.

എഫ്.ബി. ലൈവ് ആയതിനാൽ സംശയങ്ങൾ ചോദിക്കാനും അവസരമുണ്ടാകും.   ഇതിൽ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ എ.ബി.ഐ. ഇന്ത്യയുടെ ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക - https://www.facebook.com/AnitaBorgIndia/

വേണ്ടത് ആശയം

ഇവ രണ്ടും കൂടാതെ നേരത്തെ പറഞ്ഞിരുന്നത് പോലെ മറ്റു പല അവസരങ്ങളും ഇന്നുണ്ട്. ആശയം മാത്രം കൈമുതലായുള്ളവർക്ക് അപേക്ഷിക്കാവുന്ന ഒന്നാണ് തിങ്ക് ബിഗ്, വീ പിച്ച് (Think Big We Pitch) പദ്ധതി. ആകെ ചെയ്യേണ്ടത് നിശ്ചിത മാതൃകയിൽ നിങ്ങളുടെ ആശയത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു വീഡിയോ ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയെന്നതാണ്.

തിരഞ്ഞെടുക്കപ്പെടുന്ന 100 ആശയങ്ങളുടെ ഉടമകളെ തിങ്ക് ബിഗ് കോൺഫറൻസിലേക്ക് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു പേർക്ക് 25 ലക്ഷം വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും. കർണാടക സർക്കാറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീ കണക്ട് ഇന്റർനാഷണൽ എന്ന സംഘടനയാണ് നടത്തിപ്പുകാർ. കൂടുതൽ വിവരങ്ങൾ WEConnectInternationalIndia എന്ന ഫെയ്സ്ബുക്ക് പേജിൽ നിന്ന്‌ ലഭിക്കും.