വ്യക്തിഗത മെസേജിങിനായി ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. പേഴ്‌സണല്‍ മെസേജുകള്‍ക്കൊപ്പം 256 പേരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും വാട്‌സ്ആപ്പ് നല്‍കുന്നു. വാട്‌സ്ആപ്പ് നല്‍കുന്ന സേവനങ്ങള്‍ മാര്‍ക്കറ്റിങ്ങിനായി ഉപയോഗപ്പെടുത്താവുന്ന വിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്‍സോള്‍ ടെക്‌നോ സൊലൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിലൂടെ ജി.എസ്. അരവിന്ദ് എന്ന മലയാളി യുവാവ്.  ലോകത്തില്‍ ആദ്യമായാണ് വാട്‌സ്ആപ്പില്‍ ഇത്തരമൊരു പരീക്ഷണം നടത്തുന്നതെന്ന് അരവിന്ദ് അവകാശപ്പെടുന്നു. മനീഷ്.പി.കെ. എന്ന തന്റെ സുഹൃത്തിനൊപ്പം കോഴിക്കോട് എരഞ്ഞിപ്പാലത്താണ് അരവിന്ദ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരിക്കുന്നത്.

Aravind
ജി.എസ്. അരവിന്ദ് 

ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക, ഡോക്ടര്‍മാരെ ബുക്ക് ചെയ്യുക, സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ താന്‍ വികസിപ്പിച്ച സാങ്കേതിക വിദ്യവഴി സാധിക്കുമെന്ന് അരവിന്ദ് പറയുന്നു. ബാങ്കിങ് മെസേജുകള്‍ക്കും ഈ വിദ്യ വഴി വാട്‌സ്ആപ്പ് ഉപയോഗപ്പെടുത്താനാകും. കൂടാതെ വാട്‌സ്ആപ്പില്‍ പി.എസ്.സി. പോലുള്ള പരീക്ഷകള്‍ക്കുള്ള ചോദ്യ ബാങ്കുകളും ട്രെയിന്‍ സമയം പോലുള്ള വിവരങ്ങളും ലഭ്യമാക്കാനും ഇത് സഹായിക്കുന്നു. ഒരു പ്രത്യേക നമ്പറിലേക്ക് ഉപയോക്താവ് അയക്കുന്ന മെസേജിന് യാന്ത്രികമായി മറുപടി നല്‍കുന്ന സംവിധാനമാണ് അരവിന്ദ് വികസിപ്പിച്ചിരിക്കുന്നത്.

ഉദാഹരണത്തിന് ഉപയോക്താവ് ഒരു പി.എസ്.സി. ചോദ്യം ടൈപ്പ് ചെയ്ത് വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കുകയാണെങ്കില്‍ കൃത്യമായ ഉത്തരം മറുപടിയായി വരും. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനോ സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനോ ഒക്കെയാണെങ്കില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കേണ്ടിവരും.അതായത്, നിങ്ങള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള നമ്പറില്‍ കയറുമ്പോള്‍ ആദ്യം കാണുക ജില്ലകളുടെ ലിസ്റ്റായിരിക്കും. നിങ്ങള്‍ എറണാകുളം എന്ന് മറുപടി കൊടുത്താല്‍ ജില്ലയിലെ ഹോട്ടലുകളുടെ ലിസ്റ്റ് ലഭിക്കും. 

അല്ലെങ്കില്‍ ഒരു ഹോട്ടലിന്റെ വാട്‌സ്ആപ്പ് ഓര്‍ഡറിങിനാണെങ്കില്‍ വെജ്, നോണ്‍ വെജ് ഓപ്ഷനുകളും മെനുവുമൊക്കെയാവും കാണുക. തങ്ങള്‍ക്ക് ആവശ്യമായ ഓപ്ഷനുകള്‍ മറുപടിയായി നല്‍കി ഉപയോക്താവിന് ഭക്ഷണം തിരഞ്ഞെടുക്കാം. സിനിമാ ടിക്കറ്റിനും ട്രെയിന്‍ സമയത്തിനുമൊക്കെ സമാനമായ കമ്മ്യൂണിക്കേഷന്‍ രീതിയാണ് ഉപയോഗപ്പെടുത്തുക. (ഈ സങ്കേതത്തിന്റെ പ്രവര്‍ത്തനം പരീക്ഷിക്കാന്‍ 9539390578 എന്ന നമ്പറിലേക്ക് CTS എന്ന് വാട്‌സ്ആപ്പ് സന്ദേശം അയക്കുക)

ഇതാദ്യമായല്ല അരവിന്ദ് ഇത്തരമൊരു സംരംഭവുമായി രംഗത്തെത്തുന്നത്. മൊബൈല്‍ ടിവി എന്ന ആശയം 2013 ല്‍ തന്നെ അരവിന്ദ് പ്രാവര്‍ത്തികമാക്കിയിരുന്നു. 2ജി/3ജി നെറ്റ്‌വര്‍ക്കുകളില്‍ ടെലിവിഷന്‍ ചാനലുകള്‍ സ്ട്രീം ചെയ്യാനുള്ള സങ്കേതമാണ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് അരവിന്ദ് വികസിപ്പിച്ചത്. എന്നാല്‍, മൊബൈല്‍ ഇന്റര്‍നെറ്റ് ഇന്നത്തെയത്ര പ്രചാരം നേടിയിട്ടില്ലാത്തതിനാല്‍ അരവിന്ദിന് തന്റെ ആശയം മുന്നോട്ടുകൊണ്ടുപോകാനായില്ല.

കന്യാകുമാരി നാരായണഗുരു എഞ്ചിനീയറിങ് കോളേില്‍ നിന്നും ഐടിയില്‍ എഞ്ചിനീയറിങ് സ്വന്തമാക്കിയ ഈ ഇരുപത്താറുകാരന്‍ പിന്നീട് സ്വന്തമായി സംരംഭം ആരംഭിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതാണ് ഒടുവില്‍ വാട്‌സ്ആപ്പ് മാര്‍ക്കറ്റിങ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. വാട്‌സ്ആപ്പില്‍ ബള്‍ക്ക് മെസേജിങ്ങിനുള്ള സങ്കേതവും അരവിന്ദ് വികസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് അരവിന്ദ്. അച്ഛന്‍ ഗിരീഷ് കുമാര്‍ കര്‍ഷകനാണ്. അമ്മ സിന്ധു ടീച്ചറാണ്. അരവിന്ദിന്റെ മെയില്‍: aravindgsa@gmail.com