കൊച്ചി: രാജ്യത്തെ സ്റ്റാർട്ട്‌ അപ്പ് സാഹചര്യങ്ങൾ വിലയിരുത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഓരോ സംസ്ഥാനത്തെയും സ്റ്റാർട്ട്‌ അപ്പുകളെയും സംരംഭകരെയും അടുത്തറിയാനുള്ള ദൗത്യമാണ് സ്റ്റാർട്ട്‌ അപ്പ് യാത്ര.

അഞ്ചു സംസ്ഥാനങ്ങൾ പിന്നിട്ട് സ്റ്റാർട്ട്‌ അപ്പ് ഇന്ത്യ യാത്ര നവംബറിൽ കേരളത്തിലേക്കെത്തും. സ്റ്റാർട്ട്‌ അപ്പ് രംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും യാത്രയ്ക്കുണ്ട്. യുവസംരംഭകർക്ക് ആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വേദിയും ഇവർ ഒരുക്കുന്നുണ്ടെന്ന് കേരള സ്റ്റാർട്ട്‌ അപ്പ് മിഷൻ അധികൃതർ പറഞ്ഞു. മികച്ച ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള പിന്തുണയും സമ്മാനങ്ങളും ലഭിക്കും. സ്റ്റാർട്ട്‌ അപ്പ് മിഷനാണ് കേരളത്തിൽ യാത്രാസംഘത്തിന് ആതിഥ്യം വഹിക്കുന്നത്.

14 ജില്ലകളിലൂടെയും യാത്ര കടന്നുപോകും. പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാം സംഘമെത്തുന്നുണ്ട്. മികച്ച ആശയങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ എട്ടു സ്ഥലങ്ങളിൽ ബൂട്ട് ക്യാമ്പുകൾ നടത്തും. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ആക്‌സിലറേഷൻ പരിപാടിയുണ്ട്. ആശയങ്ങൾ എങ്ങനെ യാഥാർത്ഥ്യമാക്കാമെന്ന ബോധവത്‌കരണമാണ് ഇതിൽ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ്, കൊല്ലം ടി.കെ.എം.എ ൻജിനീയറിങ് കോളേജ്, പാലാ സെയ്ന്റ് ജോസഫ് കോളേജ്, എറണാകുളം സെയ്ന്റ് തെരേസാസ് കോളേജ്, മലപ്പുറം കുറ്റിപ്പുറം എം.ഇ.എസ്., കോഴിക്കോട് എൻ.ഐ.ടി., വയനാട് മീനങ്ങാടി പോളിടെക്‌നിക്, കാസർകോട് എൽ.ബി.എസ്. കോളേജ് എന്നിവിടങ്ങളിലാണ് ബൂട്ട് ക്യാമ്പുകൾ.

നവംബർ ഒന്നിന് തിരുവനന്തപുരത്ത് നിന്ന്് യാത്ര തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. കാസർകോട് വരെ സഞ്ചരിച്ച് 27-ന് സംഘം തിരുവനന്തപുരത്ത് തിരിച്ചെത്തും. സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ പ്രതിനിധികൾക്കൊപ്പം കേരള സ്റ്റാർട്ട്‌ അപ്പ് മിഷൻ അധികൃതരും യാത്രാസംഘത്തിലുണ്ടാകും.