കോട്ടയം: കേരളത്തിലെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് എം.ജി.സർവകലാശാലയിൽ ജൈവ സ്റ്റാർട്ടപ്പിന് അവസരം. ഉത്‌പന്നമാക്കാൻ കഴിയുന്ന ആശയമോ സേവന മേഖലയിൽ പ്രായോഗികമാക്കാവുന്ന ആശയമോ ഉണ്ടാകണം. കഴിഞ്ഞ മൂന്നുവർഷത്തിനകം ബിരുദപഠനം പൂർത്തിയാക്കിയവർക്ക്‌ അപേക്ഷിക്കാം.

സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററും അന്തഃസർവകലാശാലാ സുസ്ഥിര ജൈവകൃഷി കേന്ദ്രവുമാണ് ജൈവ സ്റ്റുഡന്റ്‌സ് സ്റ്റാർട്ടപ്പ് നടത്തുന്നത്.  ജൈവകൃഷി, മാലിന്യനിർമാർജനം, ജലസംരക്ഷണം ശുചിത്വം എന്നീ മേഖലകളിൽനിന്നുള്ള മികച്ച സംരംഭകത്വ ആശയങ്ങൾ തിരഞ്ഞെടുത്ത്‌ 10,000 രൂപ വീതം ഗ്രാന്റായി നൽകും.

ജൈവ കാർഷിക പരിസ്ഥിതി മേഖലകളിൽ ഉപയോഗിക്കാവുന്ന നവസാങ്കേതിക വിദ്യകൾ, ഉത്‌പന്നങ്ങൾ, സേവനങ്ങൾ എന്നിവയ്ക്കാണ് രജിസ്‌ട്രേഷൻ നൽകുക. ആശയരൂപവത്കരണം, ഗവേഷണം/ഉത്‌പന്ന വികസനം, മാതൃകാ നിർമാണം, വാണിജ്യാടിസ്ഥാന ഉത്‌പാദനം എന്നിവയ്ക്കായി പരമാവധി ഒരുവർഷമാണ് അനുവദിക്കുക. അപേക്ഷിക്കാൻ www.biic.org.in ഫോൺ: 7012608667.