കുറച്ച് കാലമായി കേള്‍ക്കുന്ന വാക്കാണ് സ്റ്റാര്‍ട്ടപ്പ്. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സംരംഭകത്വത്തിലേക്ക് കാല്‍വച്ച് വലിയ കമ്പനികളുണ്ടാക്കി കോടികള്‍ നേടുന്ന യുവാക്കളുടെ വാര്‍ത്തകളും ഇതോടൊപ്പം വായിച്ചിട്ടുണ്ടാകും. ആശയങ്ങളെ കഠിനധ്വാനത്തിലൂടെ വളര്‍ത്തിയെടുത്ത് വലിയ കമ്പനികളുടെ ഉടമകളായവര്‍. സ്വന്തമായി സ്ഥാപനം തുടങ്ങുക, അതിന്റെ മുതലാളിയാവുക, മറ്റുള്ളവര്‍ക്ക് ജോലി കൊടുക്കുക അങ്ങിനെ പോകുന്നു ലോകത്തെ മാറ്റി മറിക്കുന്ന ആശയങ്ങളുമായി ഇറങ്ങിയ യുവാക്കളുടെ കഥകള്‍. 

കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കൈയില്‍ നല്ല ആശയങ്ങള്‍ ഉണ്ടാകും. എന്നാല്‍, അത് എവിടെ അവതരിപ്പിക്കപ്പെടണം, എന്ത് ചെയ്യണം എന്നതിന് കുറിച്ച് അറിയില്ല. ഭാവിയില്‍ വലിയ ബിസിനസ് സംരംഭങ്ങളായി മാറുന്ന ആശയങ്ങള്‍ നിങ്ങളുടെ മനസിലുണ്ടോ. അത് എങ്ങനെ നടപ്പിലാക്കണമെന്നതാണോ പ്രശ്‌നം. സംരംഭകത്വ മേഖലയിലെ പ്രശ്‌നങ്ങളും സംശയങ്ങളും പരിഹരിക്കാന്‍ മാതൃഭൂമി ഡോട്ട് കോം സന്ദര്‍ശിക്കുക. 

എങ്ങനെ സംരംഭം തുടങ്ങണം, ആശയവുമായി ആരെ സമീപിക്കണം, എങ്ങനെ നടപ്പിലാക്കാം തുടങ്ങിയ കാര്യങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഡയറക്ടറും ടെക്‌നോപാര്‍ക്ക് സ്ഥാപക സിഎഫ്ഒയുമായ ഡോ. കെ.സി.ചന്ദ്രശേഖരന്‍ നായര്‍ പറയുന്നു... സ്റ്റാര്‍ട്ടപ്പിലൂടെ യുവാക്കള്‍ക്ക് ലഭിക്കുന്ന സാധ്യതകളുടെ വലിയ ലോകത്തെ കുറിച്ച് അറിയാം. 

എങ്ങനെ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാം..?

ആശയം ഏത് തരത്തിലുള്ളതാണെന്ന് ആദ്യം മനസിലാക്കണം. അതോടൊപ്പം ഒരു മെന്ററും ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഉത്പന്നം ഉണ്ടാക്കാന്‍ കഴിയുമോ, ഇത് വില്‍പ്പനയ്ക്ക് പറ്റുന്നതാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം.

ഉല്‍പ്പന്നം നാട്ടുകാര്‍ വാങ്ങുമെങ്കില്‍ മാത്രമാണ് ആശയത്തിന് നിലനില്‍പ്പുള്ളത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ കൊടുക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ കമ്പനി തുടങ്ങിയിട്ട് കാര്യമുള്ളു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് തരാന്‍ ഒരു മെന്റര്‍ക്ക് മാത്രമേ കഴിയൂ. 

ഇതോടൊപ്പം നല്ലെരു ടീമും ആവശ്യമാണ്. സാമ്പത്തിക, സാങ്കേതിക മേഖലയില്‍ വിദഗ്ധരായവര്‍ ടീമിലുണ്ടാകണം.