നല്ല ആശയവും അത് നടപ്പാക്കാനുള്ള ഉറച്ച മനസ്സുമുള്ളവര്‍ക്ക് സംരംഭകലോകം കീഴടക്കാം.  അവിടെ യുവാക്കള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ലേണിങ് പ്രോഗ്രാമുണ്ട്. സ്റ്റാര്‍ട്ടപ്പിലൂടെ ജീവിതം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായകമാകും വിധമാണ് കോഴ്‌സ്. ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാന്‍ ആശയംമാത്രം പോര. എങ്ങനെ മുന്നോട്ടുപോകണം, എവിടെനിന്ന് പണംലഭിക്കും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഒരു സംരംഭകന്‍ മനസ്സിലാക്കണം. ഈ വിവരങ്ങളെല്ലാം ഒരുമിച്ച് ലഭ്യമല്ല. ഇവിടെയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ലേണിങ് പ്രോഗ്രാം വ്യത്യസ്തമാകുന്നത്.

വ്യക്തമായ ധാരണ സ്റ്റാര്‍ട്ടപ്പ് മേഖലയെക്കുറിച്ച് യുവാക്കള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ലക്ഷ്യം. അക്കാദമിക് രംഗത്തെ പ്രമുഖര്‍, മികച്ചവിജയംനേടിയ സംരംഭകര്‍, കമ്പനി മേധാവികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കോഴ്‌സിന് രൂപംനല്‍കിയത്.

 

എവിടെയിരുന്നും പഠിക്കാം യുവജനങ്ങളെ സംരംഭകത്വപാതയിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ഒരു സംരംഭം തുടങ്ങുന്നതിന്റെ വിവിധഘട്ടങ്ങള്‍ കോഴ്‌സിലൂടെ അറിയാം. ആറാഴ്ചയാണ് കാലാവധി. ഓണ്‍ലൈന്‍ കോഴ്‌സ് ആയതിനാല്‍ എവിടെയിരുന്നും പഠിക്കാം. ആഴ്ചയില്‍ ആറുമുതല്‍ എട്ടുമണിക്കൂര്‍വരെ ചെലവഴിക്കണം.

ആറ് മൊഡ്യുളുകള്‍ സംരംഭകത്വ പാതയിലെ ഓരോ വിഷയത്തെ അടിസ്ഥാനമാക്കി ആറ്് മൊഡ്യൂളുകളായിട്ടാണ് തയ്യാറാക്കിയത്. ഓരോ മൊഡ്യൂളും വീഡിയോ (വിജയികളായ സംരംഭകരുടെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന 2030 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോ), ക്വിസ്, വിവരണം, ചര്‍ച്ച, ചോദ്യങ്ങള്‍ എന്ന രീതിയിലാണ് തയ്യാറാക്കിയത്.

കേള്‍ക്കാം സി.ഇ.ഒ.മാരെ സംരംഭകത്വരംഗത്ത് വിജയംനേടിയ ഇന്ത്യയിലെ വിവിധ കമ്പനി ഉടമകളുടെയും സി.ഇ.ഒ.മാരുടെയും അനുഭവങ്ങളും വിജയ വഴികളും നിര്‍ദേശങ്ങളും വീഡിയോയിലൂടെ കേള്‍ക്കാം. ഏത് സമയത്തും എവിടെയിരുന്നും സ്വന്തമായി ബിസിനസ് ആശയങ്ങള്‍ രൂപപ്പെടുത്താം.

"സ്റ്റാര്‍ട്ടപ്പിനക്കുറിച്ച് തുടക്കക്കാര്‍ക്ക് അറിയാന്‍ സ്റ്റാര്‍ട്ടപ്പ് ലേണിങ് പ്രോഗ്രാമിലൂടെ സാധിക്കും. കൂടാതെ ഇതിലെ വീഡിയോകളില്‍ വിജയംനേടിയ സംരംഭകര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം. ഇത്തരം വിവരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നു എന്നതാണ് കോഴ്‌സിന്റെ പ്രത്യേകത."

Sijo Kuruvilaസിജോ കുരുവിള ജോര്‍ജ്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപക സിഇഒ

ബിസിനസ് പ്ലാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മൂന്നുദിവസത്തിനുള്ളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ലിങ്ക്ഡിന്‍ പ്രൊഫൈലുമായി സര്‍ട്ടിഫിക്കറ്റ് ലിങ്ക് ചെയ്യാം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ക്ലാസുകള്‍. ആശയമുണ്ടെങ്കില്‍ എങ്ങനെ ഘട്ടംഘട്ടമായി മുന്നോട്ടുപോകാം എന്നതിനെക്കുറിച്ച് ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍ കോഴ്‌സ് സഹായിക്കും.

മാര്‍ക്കറ്റ് സാഹചര്യം ആശയം മാര്‍ക്കറ്റ് സാഹചര്യം മനസ്സിലാക്കി വില്‍പ്പന നടത്തുന്നതാണ് ഏതൊരു സ്റ്റാര്‍ട്ടപ്പിന്റെയും വിജയം. ഉത്പന്നം ജനങ്ങള്‍ക്ക് ആവശ്യമുള്ളതാകണം എന്നതാണ് അടിസ്ഥാന തത്ത്വം. ഇതിനായി എങ്ങനെ ഒരു ബിസിനസ് പ്ലാന്‍ രൂപപ്പെടുത്താമെന്ന് കോഴ്‌സില്‍നിന്ന് അറിയാം. കൂടാതെ പണം കണ്ടെത്തല്‍, കമ്പനിയുടെ നിയമവശങ്ങള്‍, രജിസ്‌ട്രേഷന്‍, പേറ്റന്റ് എന്നിവയെ കുറിച്ചും മനസ്സിലാക്കാം. ഇക്കാര്യങ്ങളെല്ലാം ഓരോ മൊഡ്യൂളുകളായി വീഡിയോ, വിശദീകരണം എന്നിങ്ങനെയായി തയ്യാറാക്കിയിട്ടുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.

നെറ്റ്‌വര്‍ക്കുണ്ടാക്കാം സോഷ്യല്‍ ഇന്ററാക്ഷനാണ് കോഴ്‌സിന്റെ പ്രധാനഘടകം. സ്റ്റാര്‍ട്ടപ്പ് രംഗത്ത് അര്‍പ്പണമനോഭാവമുള്ള വ്യക്തികളുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും സാധിക്കും. അതിനാല്‍ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്താല്‍ ചിത്രം ഉള്‍പ്പെടെ പ്രൊഫൈല്‍ പൂര്‍ണമായി നല്‍കിയിരിക്കണം. ഇതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കാന്‍ ശ്രമിക്കാം. ഇത് സംരംഭകത്വ ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ സഹായിക്കും. വീഡിയോ കാണുന്നതും ചോദ്യങ്ങള്‍ ചോദിക്കുന്നതും നിര്‍ബന്ധമാണ്. ഉത്സാഹമുള്ള, പ്രചോദനമാകുന്ന മറ്റ് സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയും. കോഴ്‌സിന്റെ ഭാഗമാകാന്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്.

ആപ്പ് വഴിയും പഠിക്കാം ആശയവും അറിവും ഉപയോഗിച്ച് എങ്ങ നെ ഒരു സംരംഭം വിജയിപ്പിക്കാം എന്നതാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് Startup India Learing Program എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ എളുപ്പത്തില്‍ പഠിക്കാം. http://startupindia.gov.in/learningdevelopment/ എന്ന വെബ്‌സൈറ്റിലൂടെ കോഴ്‌സിന്റെ ഭാഗമാകാം. ഓണ്‍ലൈന്‍ കോഴ്‌സായതിനാല്‍ നിങ്ങളുടെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. കൂടാതെ ഇന്റര്‍നെറ്റ് സ്പീഡ് 2 Mbps ആവശ്യമാണ്. കോഴ്‌സിന്റെ ഭാഗമായുള്ള വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ് dippstartups@nic.in 1800115565 (തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ)