സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നവര്‍ക്ക് താങ്ങാകാന്‍ ഇന്‍ക്യൂബേറ്ററുകള്‍ക്ക് പുറമേ ആക്‌സിലറേറ്റര്‍, മെന്റര്‍ എന്നീ സംവിധാനങ്ങളുമുണ്ട്. അവ അടുത്തറിയാം. 

ആക്‌സിലറേറ്റര്‍

വിശദമായ പഠനത്തിനുള്ള സൗകര്യമാണ് ആക്‌സിലറേറ്ററുകള്‍ ഒരുക്കുന്നത്. ഏറെക്കുറെ ഇന്‍ക്യുബേറ്ററുകള്‍ക്ക് സമാനമായ സംവിധാനമാണ് ആക്‌സിലറേറ്ററിന്റേയും. ഇന്‍ക്യുബേഷന്‍ കാലയളവ് കഴിഞ്ഞശേഷം സ്റ്റാര്‍ട്ടപ്പിന്റെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് അവസരമൊരുക്കുകയാണ് ആക്‌സിലറേറ്ററുകള്‍ ചെയ്യുന്നത്. നിക്ഷേപം മുതല്‍ വിപണിയിലെ വന്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് വരെ ഇവ വഴി തെളിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കാവശ്യമായ നിക്ഷേപത്തിനുള്ള സാധ്യതയും ഇതുവഴി സംരംഭകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ചുരുക്കം. രണ്ടുമാസവും മൂന്നുമാസവും ആറുമാസവുമെല്ലാം നീളുന്ന ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകളുണ്ട്. 

സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ആക്‌സിലറേറ്ററുകളില്‍ ചിലത് 

* കെ ആക്‌സിലറേറ്റര്‍- മൂന്ന് മാസം നീളുന്നതാണിത്. ഒരാഴ്ച ബെംഗളൂരുവിലോ മുംബൈയിലോ താമസിച്ചുള്ള റെസിഡന്‍ഷ്യല്‍ പ്രോഗ്രാമും ഇതില്‍പ്പെടും. സോണ്‍ സ്റ്റാര്‍ട്ടപ്പ്‌സുമായി ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇത് നടപ്പാക്കുന്നത്. 

* ബ്രിങ്ക് ആക്‌സിലറേറ്റര്‍- ഹാര്‍ഡ് വെയര്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഡ്രോണ്‍സ് ആന്‍ഡ് റോബോട്ടിക്‌സ്, ഫുഡ് ടെക്‌നോളജി, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നിവയിലെല്ലാം ബ്രിങ്കിന്റെ കീഴില്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാമുണ്ട്. ബ്രിങ്കിന്റെ (ആൃശിര) വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ അടുത്ത അപേക്ഷ സ്വീകരിക്കുന്ന തീയതിയെക്കുറിച്ച് അറിയിപ്പ് ലഭിക്കും. 

* ലോജിസ്റ്റിക്‌സ് ആക്‌സിലറേറ്റര്‍

* എക്‌സ് ആര്‍ ആക്‌സിലറേറ്റര്‍- ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഗെയിമിങ് സെക്ടര്‍ എന്നീ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ ഉദ്ദേശിച്ചാണിത്. 

അനുഭവ സമ്പത്തുള്ള മെന്റര്‍ 

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഉപദേശി അല്ലെങ്കില്‍ മാര്‍ഗദര്‍ശിയാണ് മെന്റര്‍. അതാത് മേഖലകളില്‍ മികവും അനുഭവസമ്പത്തുമുള്ളവരുടെ പിന്തുണ തുടക്കക്കാര്‍ക്ക് ലഭിക്കുന്നത് എന്തുകൊണ്ടും ഗുണകരമാണല്ലോ.... 
സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ മാര്‍ഗനിര്‍ദേശം ആവശ്യമാണ്. ആശയത്തിന്റെ പോരായ്മകള്‍, അവ ഉത്പ്പന്നമായി വികസിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി വിപണിയിലെ സാഹചര്യങ്ങള്‍ വരെ കൃത്യമായി മനസ്സിലാക്കുന്നതിന് മെന്ററുടെ സഹായം ഗുണം ചെയ്യും. സാങ്കേതികമായി മുന്നേറുന്നതിനുള്ള സഹായങ്ങളും മെന്റര്‍ഷിപ്പ് വഴി ലഭിക്കും. 

പല പ്രമുഖരും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പ് വാഗ്ദാനം ചെയ്യാറുണ്ട്. ഒരു പ്രമുഖന്‍ മെന്ററുടെ സ്ഥാനത്ത് വരുന്നത് സ്റ്റാര്‍ട്ടപ്പുകളുടെ മൂല്യവും വര്‍ധിപ്പിക്കും. പ്രമുഖരെ പോലെ തന്നെ വലിയ കമ്പനികളും തുടക്കക്കാര്‍ക്ക് മെന്റര്‍ഷിപ്പ് നല്‍കുന്നുണ്ട്.

thozhil

Content Highlights: Startup Accelerator and Mentor