കുരുമുളക് പറിക്കാൻ ഇനി ഏണിയിൽ വലിഞ്ഞ് കയറണമെന്നില്ലെന്നാണ് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ഒരുസംഘം വിദ്യാർഥികൾ പറയുന്നത്. നിലത്ത് നിന്നുകൊണ്ടുതന്നെ കുരമുളക് പറിക്കാനുള്ള ഉപകരണം അവർ വികസിപ്പിച്ചെടുത്തു കഴിഞ്ഞു.

Kurumulaku
കുരുമുളക് പറിക്കാനായി വികസിപ്പിച്ചെടുത്ത ഉപകരണം

കുരുമുക് തിരി പറിക്കാതെ മണികൾ മാത്രം അടർത്തിയെടുക്കുന്ന ഉപകരണമാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പത്തടി ഉയരത്തിലുള്ള കുരുമുളക് വരെ ഇത്തരത്തിൽ പറിച്ചെടുക്കാം. ബാറ്ററിയിലാണ് ഉപകരണം പ്രവർത്തിക്കുന്നത്. ഉപകരണത്തിന്റെ മുകൾഭാഗം കോൺ ആകൃതിയിലാണ്.

ഇൗ ഭാഗം മോട്ടോറിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുക. കുരുമുളക് മണികൾ ഓരോന്നായി അടർന്ന് പൈപ്പിനുള്ളിലൂടെ ബാഗിൽ എത്തുന്ന രീതിയിലാണ് ഉപകരണം നിർമിച്ചിരിക്കുന്നത്.

ആയിരത്തിൽ താഴെ രൂപയ്ക്ക് ഈ ഉപകരണം നിർമിക്കാനാകുമെന്ന് വിദ്യാർഥികൾ പറയുന്നു. വി. ശ്രീരാഗിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ എം.എസ്. വിഷ്ണു, റിച്ചിൻ കെ. ഫിലിപ്പ്, റിജോഷ്് ചെറിയാൻ ഫിലിപ്പ് എന്നിവരാണ് ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്.