കോഴിക്കോട്: അന്തരീക്ഷവായുവില്‍നിന്ന് ശുദ്ധജലം നിര്‍മിക്കുന്ന യന്ത്രം വികസിപ്പിച്ച് എന്‍.ഐ.ടി.യിലെ പൂര്‍വവിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം. ഇത് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിച്ച വിദ്യാര്‍ഥികള്‍ ജില്ലാകളക്ടര്‍ എന്‍. പ്രശാന്തിന്റെ അഭിനന്ദനവും പിന്തുണയും നേടി. കഴിഞ്ഞവര്‍ഷം എന്‍.ഐ.ടി.യില്‍നിന്ന് പഠിച്ചിറങ്ങിയ സ്വപ്‌നി, സന്ദീപ്, പര്‍ധസായി, വെങ്കിടേഷേ് എന്നിവരാണ് സംരംഭത്തിന് പിന്നില്‍.
 
ഇവര്‍ ബെംഗളൂരുവില്‍ സ്ഥാപിച്ച 'ഉറവ് ലാബ്‌സ്' എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് പ്രതീക്ഷയേകുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പമാണ് ജലമാക്കി മാറ്റുന്നത്. ഇതില്‍ ലവണങ്ങള്‍ ചേര്‍ത്ത് കുടിക്കാന്‍ യോഗ്യമാക്കുന്നു. വേപ്പര്‍ കംപ്രഷന്‍ റഫ്രിജറേഷനിലാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. ആദ്യമാതൃക ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ പ്രതിദിനം 70 ലിറ്റര്‍ വെള്ളം ഉണ്ടാക്കുന്നതായി ഇവര്‍ പറഞ്ഞു.
 
ചെലവ് ലിറ്ററിന് 1.2 രൂപയാക്കി കുറയ്ക്കാന്‍ കഴിയും. യന്ത്രം വികസിപ്പിച്ച് പ്രതിദിനം 2,000 ലിറ്റര്‍ വെള്ളം ഉദ്പാദിപ്പിക്കുകയാണ് ലക്ഷ്യം. അന്തരീക്ഷത്തിലെ ആര്‍ദ്രത 30 ശതമാനത്തിന് മുകളിലും താപനില 12 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുമായാലാണ് യന്ത്രം പ്രവര്‍ത്തിക്കുക. ആര്‍ദ്രത 60 ശതമാനത്തോളമുള്ളതിനാല്‍ ഇത് നമ്മുടെ നാടിന് അനുയോജ്യമാണ്.

ഫില്‍ട്ടറിലൂടെ വായു ശുദ്ധീകരിക്കുന്നതിനാല്‍ ശുദ്ധജലമാണ് ലഭിക്കുകയെന്ന് ഇവര്‍ പറഞ്ഞു. യന്ത്രം പൂര്‍ണാര്‍ഥത്തില്‍ മേയില്‍ കോഴിക്കോട്ട് പുറത്തിറക്കാനാണ് ആലോചന. യന്ത്രത്തെ ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിച്ച് വെള്ളത്തിന്റെ ഗുണനിലവാരം, വായുവിന്റെ ഗുണനിലവാരം, കാലാവസ്ഥ എന്നിവ പരിശോധിക്കാം. പൊതുസ്ഥലങ്ങളില്‍ യന്ത്രം സ്ഥാപിച്ച് കുടിക്കാനുള്ള വെള്ളം ലഭ്യമാക്കാം.