MobME Sanjay
സഞ്ജയ് വിജയകുമാര്‍, സോണി ജോയി, വിവേക് സ്റ്റീവ് ഫ്രാന്‍സിസ്‌

ത്തു വർഷം മുമ്പ് തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളേജിലെ മൂന്നു കൂട്ടുകാർ മമ്മൂട്ടിയെ കാണാൻ ചെന്നു. ചാൻസ് ചോദിക്കലല്ല, ഓട്ടോഗ്രാഫല്ല, ഫോട്ടോയെടുപ്പുമല്ല ഉദ്ദേശ്യം. അവർ മൂന്നുപേരും ചേർന്നു തുടങ്ങിയ ബിസിനസ്സിന് നിക്ഷേപകനാകാൻ ക്ഷണിക്കുന്നതിനായിരുന്നു ഷൂട്ടിങ് സെറ്റിലേക്കുള്ള വരവ്. കാര്യങ്ങൾ കേട്ട മമ്മൂട്ടി, അവരെ തന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ അടുത്തേക്കയച്ചു.

അവിടെ നിന്ന്‌ ഒരു നിക്ഷേപകനിലേക്കും അവരെത്തി. കേരളത്തിലെ ആദ്യ സ്റ്റാർട്ട് അപ്പിന്റെ വഴിത്തിരിവായിരുന്നു അത്. ‘മോബ്മി’ എന്ന ആ സ്റ്റാർട്ട് അപ്പ് ഇന്ന് ഇന്ത്യ മുഴുവൻ വേരുകളുള്ള ടെക്‌നോളജി സംരംഭമായി വളർന്നിരിക്കുന്നു. അന്ന് തിരുവനന്തപുരത്ത് സ്വന്തം ഓഫീസ് തുറന്ന മോബ്മിക്ക് ഇപ്പോൾ കൊച്ചി, മുംബൈ, ഗുഡ്ഗാവ്, ചെന്നൈ എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്.

Mammootty
ചിത്രം: ബി. മുരളീകൃഷ്ണന്‍

സഞ്ജയ് വിജയകുമാർ, സോണി ജോയി, വിവേക് സ്റ്റീവ് ഫ്രാൻസിസ് എന്നിവരായിരുന്നു മമ്മൂട്ടിക്കു മുന്നിലെത്തിയ ആ കൂട്ടുകാർ. ഇവർ ബിസിനസ്സിലേക്കെത്തിയത് എൻജിനീയറിങ്ങിന്റെ നാലാം സെമസ്റ്ററിലായിരുന്നു. കൂട്ടത്തിലൊരാളുടെ തലയിൽ ഒരു ഐഡിയ കത്തി. കൂട്ടുകാർക്കിടയിൽ മൊബൈൽ സിം കാർഡുകളുടെ വില്പന. കൂട്ടുകാർക്കു തമ്മിൽ കുറഞ്ഞ നിരക്കിൽ സംസാരിക്കാവുന്ന ഒരു സിം ആകുമ്പോൾ കോളേജിൽ തന്നെ അതു വൻ ഹിറ്റാകും.

അന്നു സൗജന്യ എസ്.എം.എസ്സുകൾ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ഫുൾ ടോക്ക് ടൈം, പെർ സെക്കൻഡ് ബില്ലിങ് എന്നീ ആശയങ്ങളും ഒരുക്കി. ചങ്ങാതിക്കൂട്ടം ബി.പി.എൽ. മൊബൈലിനെ സമീപിച്ചു. അവർക്കും സംഗതി ഇഷ്ടപ്പെട്ടു. മൂന്നു മാസം കൊണ്ട് ഇവർ വിറ്റത് 14,000 സിം കാർഡുകൾ.... പോക്കറ്റിൽ നിറഞ്ഞത് എട്ടു ലക്ഷം രൂപ! എട്ടു ലക്ഷത്തിൽ നല്ലൊരു പങ്കും ‘പൊളിച്ചടുക്കി’. ഇതിനിടെ, ബി.പി.എല്ലിൽ നിന്നു തന്നെ മറ്റു പ്രോജക്ടുകൾ കിട്ടി.

അങ്ങനെ, 2006 ഡിസംബറിൽ മോബ്മി വയർലെസ് സൊലൂഷൻസ് എന്ന പേരിൽ ടെക്‌നോപാർക്കിലെ ഇൻക്യുബേഷൻ സെന്ററിൽ  ഇന്ത്യയിലെ ആദ്യ വിദ്യാർഥി സ്റ്റാർട്ട് അപ്പ് പിറവിയെടുത്തു. ഇതിനു ശേഷമായിരുന്നു മമ്മൂട്ടിയെ കാണാനുള്ള പോക്ക്. 

ഇന്ത്യയിൽ മൊബൈൽ ഫോണിനൊപ്പം മോബ്മിയും വളർന്നു. സിം വിറ്റു തുടങ്ങിയ ഇവർ പിന്നീട് മൊബൈൽ സേവന ദാതാക്കൾക്ക് സോഫ്റ്റ്‌വേറും മാനേജ്ഡ് സർവീസസും ഒരുക്കി. എയർടെല്ലും എയർസെല്ലും വോഡഫോണുമൊക്കെ ഈ ചെറുപ്പക്കാരെ തേടിയെത്തി. 2008-ലെ സാമ്പത്തിക മാന്ദ്യമൊന്നും മോബ്‌മിയെ ബാധിച്ചില്ല. 2011-12 ഓടെ ജീവനക്കാരുടെ എണ്ണം 180-ലേെക്കത്തി. ഇതിനിടെ, ടെലികോം രംഗത്ത് മത്സരം ശക്തമായതോടെ, കമ്പനികൾ ചെലവു ചുരുക്കലിലേക്ക് നീങ്ങി.

ഇതോടെ, മോബ്മിക്ക് ലഭിച്ചിരുന്ന കരാറുകളുടെ തുകയും കുറഞ്ഞു. കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ഘട്ടം വന്നു. ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടായിരുന്നു അവർ അതിനെ നേരിട്ടത്. ഇനിയും ഇത്തരത്തിലൊരു പ്രതിസന്ധിയിൽ പെടാതിരിക്കാൻ കൂടുതൽ മേഖലകളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചു. ഇ-കൊമേഴ്‌സ്, വ്യോമയാനം, ബാങ്കിങ്, ധനകാര്യ സേവനം, ചില്ലറ വ്യാപാരം എന്നീ മേഖലകൾക്ക് ആവശ്യമായ സോഫ്റ്റ്‌വേറുകൾ വികസിപ്പിക്കുന്നത് അങ്ങനെയാണ്. 

പ്രവർത്തനം തുടങ്ങി 10 വർഷം പിന്നിട്ടതോടെ നൂതനമായ അനലിറ്റിക്സ് മേഖലയിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചു. ‘ചില്ലർ’  (Chillr) എന്ന പേരിൽ മൾട്ടി-ബാങ്ക് മൊബൈൽ ബാങ്കിങ് ആപ്പ് വികസിപ്പിച്ച് ഫിനാൻഷ്യൽ ടെക്‌നോളജി രംഗത്തും ശക്തമായ സാന്നിധ്യമായി. ചില്ലറിന്റെ പ്രവർത്തനങ്ങൾക്കായി പിന്നീട് മുംബൈ ആസ്ഥാനമായി ‘ബാക്ക് വാട്ടർ ടെക്‌നോളജീസ്’ എന്ന കമ്പനി രൂപവത്കരിച്ചു. സോണി ജോയി ആണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.

എച്ച്.ഡി.എഫ്.സി. ബാങ്ക് ഉൾപ്പെടെ രാജ്യത്തെ മുൻനിര ബാങ്കുകൾ പലതും ഇടപാടുകാർക്കായി ചില്ലർ ആപ്പ് ഒരുക്കുന്നുണ്ട്. എല്ലാത്തരം വ്യക്തിഗത ധനകാര്യ ആവശ്യങ്ങളും നിറവേറ്റുന്ന ടെക്‌നോളജി പ്ലാറ്റ്‌ഫോമായി ചില്ലറിനെ ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് സോണി ജോയ് പറയുന്നു. മൊബൈൽ പണമിടപാടുകൾ സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കുന്ന മൊബൈൽ ഐഡന്റിറ്റി ടെക്‌നോളജി, ബിഗ് ഡേറ്റ വിശകലനത്തിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ‘ഗെക്കോലിസ്റ്റ് ’ എന്നിവയാണ് ചില്ലറിനു പുറമെയുള്ള വിഭാഗങ്ങൾ.

ഇതിനു പുറമെ, ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, ടെലികോം എന്നിവയ്ക്കു വേണ്ടിയുള്ള സോഫ്റ്റ്‌വേർ പ്രോഡക്ടുകളുടെ ടീമുമുണ്ട്. ഈ വിഭാഗങ്ങളെ വളർത്തി ചില്ലർ പോലെ പ്രത്യേകം കമ്പനികളായി മാറ്റുകയാണ് ലക്ഷ്യമെന്ന് സഞ്ജയ് വിജയകുമാർ പറയുന്നു. ഒരു സ്റ്റാർട്ട് അപ്പ് സംരംഭം കെട്ടിപ്പടുക്കുന്നതിനിടയിൽ തന്നെ സ്റ്റാർട്ട് അപ്പുകൾക്കായി നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാൻ കൂടി ശ്രമിക്കുന്നവരാണ് സഞ്ജയ് വിജയകുമാറും കൂട്ടരും.

സഞ്ജയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരുമായി സഹകരിച്ച് കൊച്ചിയിൽ സ്റ്റാർട്ട് അപ്പ് വില്ലേജിന് തുടക്കം കുറിച്ചത് അങ്ങനെയാണ്. സ്റ്റാർട്ട് അപ്പ് വില്ലേജിന്റെ ഡിജിറ്റൽ പതിപ്പായ ‘എസ്.വി. ഡോട്ട് കോ’ (sv.co) രാജ്യമൊട്ടാകെ സ്റ്റാർട്ട് അപ്പ് സംരംഭകർക്ക് മാർഗനിർദ്ദേശങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. 2022-ഓടെ രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നായി ആയിരം സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് അവസരമൊരുക്കുകയാണ് എസ്.വി. ഡോട്ട് കോയുടെ ലക്ഷ്യമെന്ന് സ്റ്റാർട്ട് അപ്പ് വില്ലേജിന്റെ ചെയർമാൻ കൂടിയായ സഞ്ജയ് പറയുന്നു. 

കൂടുതൽ പ്രൊഫഷണൽ സമീപനം കൊണ്ടുവരുന്നതിന്റെ ഭാഗമായി ടെക്‌നോ ളജി-സാമ്പത്തിക വിദഗ്ദ്ധനായ സത്യാ കല്യാണസുന്ദരത്തെ ഈയിടെ മോബ്മി സി.ഇ.ഒ. ആയി നിയോഗിച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മോബ്മിയും ചില്ലറും കൂടുതൽ മൂലധന നിക്ഷേപം സ്വരൂപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചില്ലറിൽ പ്രമുഖ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടായ സെക്വയ ക്യാപ്പിറ്റൽ ആദ്യ ഘട്ടത്തിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. 

മാറ്റങ്ങൾ വളരെ വേഗത്തിലാണ്. ആ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ആശയങ്ങൾ സൃഷ്ടിക്കാനും അതു ലാഭകരമായ ബിസിനസ് മോഡലുകളാക്കി മാറ്റാനും കഴിഞ്ഞാൽ സംരംഭക രംഗത്ത് വിജയിക്കാനാകുമെന്ന് സഞ്ജയും സോണിയും വിവേകും പറഞ്ഞുതരുന്നു. സ്റ്റാർട്ട് അപ്പ് രംഗത്തേക്ക് പുതുതായി വരുന്നവരോടുള്ള ഇവരുടെ സന്ദേശവും അതു തന്നെയാണ്.

ഇ-മെയിൽ: roshan@mpp.co.in