Kishor Govindന്യൂഡല്‍ഹി: ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തെ യുവസംരംഭകരുടെ പട്ടികയില്‍ മലയാളി ഗവേഷകന്‍ കിഷോര്‍ ഗോവിന്ദ് നായരും. 30 വയസ്സിന് താഴെയുള്ള സംരംഭകരുടെ പട്ടികയായ '30 അണ്ടര്‍ 30-2019'-ലാണ് മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എം.ഐ.ടി.) ഗവേഷണവിദ്യാര്‍ഥിയായ കിഷോര്‍ ഇടംപിടിച്ചത്. ഊര്‍ജമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. ഇന്റലിജന്റ് സെലക്ടീവ് ഇലക്ട്രോ ഡയാലിസിസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ 'റെന്‍ജെന്‍ ടെക്നോളജീസി'ന്റെ സ്ഥാപകനാണ് കിഷോര്‍.

തിരുവനന്തപുരം പി.ടി.പി. നഗര്‍ സ്വദേശിയായ കിഷോര്‍ ഒ.എന്‍.ജി.സി.യില്‍ എന്‍ജിനീയറായിരുന്ന സുരേഷ് കുമാറിന്റെയും ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ കംപ്യൂട്ടര്‍ ഡിവിഷന്‍ മേധാവിയായ ഡോ. ജി. ഗീതയുടെയും മകനാണ്. ബോംബെ ഐ.ഐ.ടി.യില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയശേഷം സ്‌കോളര്‍ഷിപ്പോടെയാണ് അമേരിക്കയിലെത്തിയത്. കടല്‍വെള്ളത്തില്‍നിന്ന് ചെലവുകുറഞ്ഞ രീതിയില്‍ ഉപ്പ് വേര്‍തിരിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഗവേഷണത്തിലാണ് 27-കാരനായ ഇദ്ദേഹമിപ്പോള്‍.

മൂന്ന് പേറ്റന്റുകള്‍ക്ക് ഉടമയായ കിഷോറിന് എം.ഐ.ടി. വാട്ടര്‍ ഇന്നൊവേഷന്‍ പ്രൈസ്, ബോംബെ ഐ.ഐ.ടി. ഡയറക്ടേഴ്സ് അക്കാദമിക് പ്രൈസ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

20 മേഖലകളില്‍ മികവുതെളിയിച്ച 600 പേരെയാണ് ഫോബ്‌സ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ ഫോബ്‌സിന്റെ അണ്ടര്‍ 30 ഉച്ചകോടിയില്‍ പങ്കെടുക്കും.

Content Highlights: Malayali research scholar in Forbes Magazine's young entrepreneurs list