വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിലൂടെ ലോകം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ കാലത്തിന് അനുസൃതമായി മികച്ച സംരംഭങ്ങള്‍ കെട്ടിപ്പടുക്കാനും സംരംഭകരായി മാറാനും ആഗ്രഹിക്കുന്നവരുമുണ്ട്. അഭ്യസ്ത വിദ്യരെ തൊഴില്‍ തേടുന്നവര്‍ എന്നതില്‍ നിന്ന് തൊഴില്‍ ദാതാക്കള്‍ എന്ന നിലയിലേക്ക് വളര്‍ത്തുന്നവയാണ് നവീനമായ ആശയങ്ങളുടെ അടിത്തറയുളള മികച്ച സ്റ്റാര്‍ട്ടപ്പുകള്‍. 

സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അതിലൂടെ സ്വയം നവീകരണത്തിന്റെയും ഉയര്‍ച്ചയുടെയും പുതിയ പടവുകള്‍ താണ്ടാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറക്ക് കരുത്ത് നല്‍കാന്‍ പര്യാപ്തമായ മികച്ച സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി.) നിരവധി പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. 

വേണ്ടത് നൂതനാശയങ്ങള്‍ 

ആമസോണിലൂടെ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരനായ ജെഫ് ബെസോസ്, സൗഹൃദക്കൂട്ടായ്മയുടെയും, ആശയസംവാദങ്ങളുടെയും സമാന്തര ലോകത്തെ ജനകീയമാക്കിയതിലൂടെ 50,000 കോടി ഡോളറിലധികം വിപണി മൂല്യമുള്ള കമ്പനി പടുത്തുയര്‍ത്തിയ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ്, സ്വന്തമായി ടാക്സികള്‍ ഇല്ലാതിരുന്നിട്ടും യൂബറിലൂടെ ലോകത്തെ ഏറ്റവും വലിയ ടാക്സി ശൃംഖല തന്നെ കെട്ടിപ്പടുത്ത ട്രാവിസ് കലനിക്ക്, ഹോട്ടലുകളില്ലാതിരുന്നിട്ടും ഏറ്റവും വലിയ ബജറ്റ് ഹോട്ടല്‍ ശൃംഖലകളില്‍ ഒന്നിന്റെ അധിപനായി മാറിയ റിതേഷ് അഗര്‍വാള്‍ തുടങ്ങിയവരെല്ലാം പുതിയ ആശങ്ങളിലൂടെ സംരംഭകത്വം എന്ന വാക്കിനെ ആഗോളതലത്തില്‍ പുനര്‍നിര്‍വചിച്ചവരാണ്. 

സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും മുതല്‍ക്കൂട്ടാകുന്ന നൂതനാശയങ്ങളുള്ള സംരഭങ്ങള്‍ക്കു തന്നെയാണ് കെ.എസ്.ഐ.ഡി.സിയും പ്രാമുഖ്യം നല്‍കുന്നത്. ഐ.ടി, ഐ.ടി. ഇതര മേഖലകള്‍ക്കൊപ്പം കാര്‍ഷിക, ഭക്ഷ്യ സംസ്‌കരണ രംഗങ്ങളിലുള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്കും കെ.എസ്.ഐ.ഡി.സി.യുടെ സഹായം തേടാം. 

ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ 

അറിവ് ആധാരമാക്കിയുള്ള സംരംഭങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി. വികസിപ്പിച്ചതാണ് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍. കൊച്ചിയിലെ കാക്കനാടുള്ള ജിയോ ഇന്‍ഫോപാര്‍ക്കിലും, അങ്കമാലിയിലെ ഇന്‍കെല്‍ ടവര്‍ ഒന്നില്‍ സ്ഥാപിച്ചിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് സോണിലും, കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കിലുമാണ് ഇപ്പോള്‍ കെ.എസ്.ഐ.ഡി.സിയുടെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകളുള്ളത്. 

ബിസിനസ് കൂടിക്കാഴ്ചകള്‍ക്കായി പ്രത്യേക കോണ്‍ഫറന്‍സ് റൂം, ഡിസ്‌കഷന്‍ റൂം, വൈഫൈയോടു കൂടിയ ഇന്റര്‍നെറ്റ് കണക്ഷന്‍, തടസ്സമില്ലാത്ത വൈദ്യുതി വിതരണം തുടങ്ങിയവയെല്ലാം ഇന്‍ക്യുബേഷന്‍ സെന്ററുകളിലുണ്ട്. ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഉല്‍പ്പന്നം വികസിപ്പിച്ചെടുത്ത് സംരംഭകര്‍ക്ക് മാര്‍ക്കറ്റിലെത്തിക്കാനാകും എന്നതാണ് സവിശേഷത. 

സീഡ് ഫണ്ട് ഇങ്ങനെ

പുതുമയുള്ള സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് പദ്ധതിച്ചെലവിന്റെ 90 ശതമാനം അല്ലെങ്കില്‍ 25 ലക്ഷം രൂപയാണ് കെ.എസ്.ഐ.ഡി.സി സീഡ് ഫണ്ടായി നല്‍കുന്നത്. ഒരു വര്‍ഷത്തിനു ശേഷം സോഫ്റ്റ് ലോണ്‍ ഇക്വിറ്റി ക്യാപിറ്റലായി മാറ്റാനോ പലിശയോടു കൂടിയ തിരിച്ചടവിനോ അവസരം ലഭിക്കും. നിലവില്‍ 55 ഓളം സ്റ്റാര്‍ട്ടപ്പുകളാണ് കെ.എസ്.ഐ.ഡി.സി.യുടെ സീഡ് ഫണ്ട് പ്രയോജനപ്പെടുത്തുന്നത്. 

ചെയ്യേണ്ടത് ഇത്ര മാത്രം

മികച്ച വിപണന സാധ്യതയുള്ള സംരംഭങ്ങള്‍ക്ക് പ്രാരംഭഘട്ടത്തിന് ശേഷം അടുത്ത തലത്തിലേക്ക് വളരാന്‍ കെ.എസ്.ഐ.ഡി.സി.യുടെ ഇന്‍ക്യുബേഷന്‍ സെന്ററുകളും ധനസഹായവും പ്രയോജനപ്പെടുത്താം. ഇതിനായി കെ.എസ്.ഐ.ഡി.സി.യുടെ കൊച്ചി ഓഫീസിലെത്തി സ്റ്റാര്‍ട്ടപ്പ് സെല്ലുമായി ബന്ധപ്പെടുകയാണ് ആദ്യം വേണ്ടത്.  

ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍മാരുള്‍പ്പെടെ പ്രോജക്റ്റ് വിലയിരുത്തി സംരംഭകരുമായി നടത്തുന്ന കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷമാണ് ഇന്‍ക്യുബേഷനുള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുന്നത്. ധനസഹായം പ്രയോജനപ്പെടുത്തുന്നതിനായി മൊത്തം നിക്ഷേപത്തിന്റെ പത്ത് ശതമാനം സംരംഭകന്റെ കൈയില്‍ ഉണ്ടായിരിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2323101

Dr.Beena'എണ്ണത്തില്‍ കുറവായിരിക്കാമെങ്കിലും കെ.എസ്.ഐ.ഡി.സി.യുടെ
സീഡ് ഫണ്ട് ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്ന കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. സംസ്ഥാനത്തെ സംരംഭക വളര്‍ച്ചയില്‍ നിര്‍ണായകമായ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് കെ.എസ്.ഐ.ഡി.സി എല്ലാ പിന്തുണയും നല്‍കും. ഇതിനായി
വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. 

ഡോ. എം. ബീന, മാനേജിംഗ് ഡയറക്ടര്‍, കെ.എസ്.ഐ.ഡി.സി