കഥ തുടങ്ങുന്നത് ഇങ്ങനെ............
അവര്‍ 32 പേരുണ്ടായിരുന്നു. കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നെത്തിയ അധ്യാപകര്‍. ബെല്ലടിക്കുമ്പോള്‍ പഠിപ്പിക്കേണ്ട പുസ്തകങ്ങളും അവതരിപ്പിക്കേണ്ട ആശയങ്ങളും അടുക്കിപ്പിടിച്ച് സമയം തെറ്റാതെ ക്ലാസ് മുറികളിലെത്തി വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം ക്ലാസെടുക്കുന്നവരായിരുന്നു അവര്‍.
സിലബസിലെ പാഠഭാഗങ്ങള്‍ കൃത്യമായി പഠിപ്പിച്ച് മികച്ച പരീക്ഷാവിജയം ഉറപ്പാക്കുന്നവര്... ആകര്‍ഷകമായ ശമ്പളം വാങ്ങുന്ന എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളില്‍ കണ്ണി ചേര്‍ന്നവര്‍... സിലബസിന് പുറത്തേക്കുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നത് മിക്കവാറും പാഠ്യപദ്ധതിയുടെ ഭാഗമായുള്ള ഏതെങ്കിലും പ്രൊജക്ടിലാവും. അതും പക്ഷേ, റിപ്പോര്ട്ടുകളിലൊതുങ്ങും.
കേരള സാങ്കേതിക സര്‍വകലാശാലയും അങ്കമാലി ഫിസാറ്റും സംയുക്തമായി സംഘടിപ്പിച്ച 'മെയ്ക്കേഴ്സ് വര്ക്കഷോപ്പി'ല്‍ പങ്കെടുക്കുന്നതു വരെ അതിനപ്പുറത്തേക്ക് കടക്കാന്‍ ആരും അവരോട് ആവശ്യപ്പെട്ടിരുന്നില്ല. അധ്യാപകരെന്നാല്‍ പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുക, വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കുക, പ്രൊജക്ടുകളില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക എന്ന പരമ്പരാഗത കാഴ്ചപ്പാടുകള്‍ തന്നെയായിരുന്നു അവര്‍ക്കും. എന്നാല്‍ 'മെയ്ക്കേഴ്സ് വര്‍ക്ക്ഷോപ്പ്' അവരുടെ ധാരണകളെ മാറ്റി മറിച്ചു.
ദൈനംദിനജീവിതത്തിലാവശ്യമായ എട്ട് തരം ലഘുസംവിധാനങ്ങളാണ് വര്‍ക്ക്ഷോപ്പിന്റെ ഭാഗമായി അധ്യാപകര്‍ നിര്‍മ്മിച്ചത്. പരിപാടിയുടെ സമാപനസമ്മേളനത്തില്‍ എത്തിയ കേരള സാങ്കേതിക സര്‍വകലാശാല പ്രൊ വിസി അബ്ദുള്‍ റഹ്മാന് ഉപകരണങ്ങള്‍ കണ്ട് അധ്യാപകരെ അഭിനന്ദിക്കുകയും ശില്പശാലയില് അവതരിപ്പിച്ച രണ്ട് ഉല്പന്നങ്ങള്ക്ക് പേറ്റന്റ് ലഭിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
ആശയം: അങ്കമാലി ഫിസാറ്റ്, സാക്ഷാല്‍ക്കാരം: കേരള സാങ്കേതിക സര്‍വകലാശാല
കേരളത്തില്‍ ഇത്രയധികം എന്‍ജിനീയറിങ് കോളേജുകളുണ്ടായിട്ടും നവീന ആശയങ്ങള്‍ രൂപപ്പെടുത്തുവാനോ പുതിയ ഉപകരണങ്ങള്‍ വികസിപ്പിക്കാനോ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചിന്തയാണ് അധ്യാപകര്‍ക്കായി ഒരു ശില്പശാല എന്ന ആശയത്തിന് പ്രേരണയായത്.
മസാച്യുസെറ്റ്സ് ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ടെക്നോളജി അവതരിപ്പിച്ച മാതൃക പിന്തുടര്ന്ന് അധ്യാപകരിലെ സംരംഭകത്വം വളര്‍ത്തുന്നതിനായി 'മേയ്ക്കേഴ്സ് വര്‍ക്ക്ഷോപ്പ്' സംഘടിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത് അങ്ങനെയാണ്.
അതിനെക്കുറിച്ച് പരിശീലന പരിപാടിക്ക് നേതൃത്വം നല്കിയ ഫിസാറ്റ് അധ്യാപകന് ജിബി വര്‍ഗീസ് പറയുന്നതിങ്ങനെ: 'എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ പുതിയ ആശയങ്ങളുമായി അല്ലെങ്കില്‍ പുതിയ സംരംഭകങ്ങളുമായി വരണമെങ്കില്‍ അവരെ അത്തരത്തില്‍ നയിക്കാന്‍ കഴിയുന്ന അധ്യാപകരുണ്ടാകണം. വിദ്യാര്‍ത്ഥികളെ സംരംഭകരാക്കാന്‍ ആദ്യം അധ്യാപകരെ സംരംഭകരാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഫിസാറ്റിലെ അധ്യാപകര്‍ക്കായി നടത്താമെന്ന് കരുതിയിരുന്ന ശില്പശാല, സര്‍വകലാശാലയെ അറിയിച്ചപ്പോള്‍ മൊത്തം അധ്യാപകര്‍ക്കായി നടത്തണമെന്ന നിര്ദേശത്തിലെത്തി. ആദ്യഘട്ടത്തില്‍ അധ്യാപകരുടെ ചെറിയ സംഘത്തിനായി ശില്പശാല നടത്താന്‍ ധാരണയായി. അതനുസരിച്ചാണ് കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്ന് 32 അധ്യാപകരെത്തിയത്.'
ആശയം മുതല്‍ പ്രൊഡക്ട് ലോഞ്ച് വരെ അധ്യാപകര്‍
ശില്പശാലയില് സ്വീകരിച്ച സമീപനവും വ്യത്യസ്തമായിരുന്നു. 'നിലവിലെ പാഠ്യസമ്പ്രദായം അനുസരിച്ച് ഏതെങ്കിലും ഒരു ബ്രാഞ്ച് തെരഞ്ഞെടുത്താല്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പോകുന്ന രീതിയാണ് കണ്ടുവരുന്നത്. ഇലക്ട്രോണിക്സ് ആണെങ്കില്‍ അത് മാത്രം. കമ്പ്യൂട്ടര്‍ സയന്‍സ് ആണെങ്കില്‍ അത് മാത്രം. ഇതിനെ പൊളിക്കുകയാണ് ആദ്യം ചെയ്തത്. കാരണം ഒരു പുതിയ പ്രൊഡക്ട് ഉണ്ടാകണമെങ്കില്‍ വിവിധ എന്‍ജിനീയറിങ് ബ്രാഞ്ചുകളുടെ പരസ്പര സഹകരണം ആവശ്യമാണ്. അതിനാല്‍ വിവിധ ബ്രാഞ്ചുകളിലെ അധ്യാപകരെ ഉള്‍പ്പെടുത്തിയായിരുന്നു ചെറുഗ്രൂപ്പുകളാക്കി തിരിച്ചത്,' ജിബി വര്‍ഗീസ് വ്യക്തമാക്കി.
ഒരു പുതിയ പ്രൊഡക്ട് നിര്‍മ്മിച്ച് മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ ശില്പശാലയില് അധ്യാപകര്‍ക്ക് പരിചയപ്പെടുത്തി. ആശയസമര്‍പ്പണം മുതല്‍ സ്ക്രീനിങ്, പ്രൊഡക്ട് കണ്‍സപ്റ്റ്, മാര്‍ക്കറ്റ് അനാലിസിസ്, പ്രൊഡക്ട് നിര്‍മ്മാണം, മാര്‍ക്കറ്റ് ടെസ്റ്റിങ്, പ്രൊഡക്ട് ലോഞ്ചിങ് വരെയുള്ള ഘട്ടങ്ങള്‍.
എല്ലാത്തിന്റേയും തിയറി പഠിപ്പിക്കുകയായിരുന്നില്ല. മറിച്ച്, ഈ ഘട്ടങ്ങളിലൂടെയെല്ലാം അധ്യാപകരെ കടത്തി വിടുകയായിരുന്നു. ജിബി വര്‍ഗീസിനൊപ്പം ഫിസാറ്റിലെ തന്നെ അധ്യാപകരായ കെ.ആര്.ശ്രീജിത്ത്, ടോം ആന്റോ, ഡോ. ജോര്‍ജ്ജ് വി. ആന്റണി എന്നിവരും ശില്പശാലയിലെ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
പ്രൊഡക്ട് നിര്‍മ്മാണത്തിനായി കോളേജിലെ ഇലക്ട്രോണിക്സ് ലാബ്, 3 ഡി പ്രിന്റര്‍, കമ്പ്യൂട്ടര്‍ ലാബ് എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസകും വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി.ഷീലയും പൂര്‍ണ സഹകരണം നല്‍കിയതോടെ കാര്യങ്ങള്‍ വേഗത്തില്‍ മുന്നോട്ട് നീങ്ങി.
വെല്ലുവിളി ആത്മവിശ്വാസത്തിലേക്ക് വഴി മാറിയപ്പോള്‍
ശില്പശാലയില് പങ്കെടുത്തവരില്‍ ഭൂരിപക്ഷവും വനിതാ അധ്യാപകരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 'ഒരാഴ്ച കൊണ്ടു ഒരു പുതിയ പ്രൊഡക്ട് ഉണ്ടാക്കണം എന്ന് പറഞ്ഞപ്പോള്‍ ആദ്യം അമ്പരപ്പ് ആയിരുന്നു. ഇതൊക്കെ നടക്കുമോ എന്ന ചിന്ത. എന്നാല്‍, ചെയ്ത് തുടങ്ങിയപ്പോള്‍ ഞങ്ങളെ കൊണ്ട് സാധിക്കും എന്ന ആത്മവിശ്വാസത്തിലേക്ക് എത്താന്‍ കഴിഞ്ഞതായി ശില്പശാലയില് പങ്കെടുത്ത ഫിസാറ്റിലെ അധ്യാപിക ദീപ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോടുള്ള കാഴ്ചപ്പാട് മാറുന്നതിലേക്ക് പോലും ശില്പശാല വഴിതെളിച്ചതായാണ് മറ്റൊരു അധ്യാപികയായ കീര്‍ത്തിയുടെ അനുഭവം. പ്രൊഡക്ട് നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികളും അകമഴിഞ്ഞ് സഹകരിച്ചെന്ന് കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.
അഞ്ചാറു ദിവസം കൊണ്ട് ഒരു പ്രൊഡക്ട് നിര്‍മ്മിക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലെത്തിയതോടെ ഏത് തലതിരിഞ്ഞ ആശയവുമായി വരുന്ന വിദ്യാര്‍ത്ഥികളേയും ശരിയായ ദിശയിലേക്ക് നയിക്കാന്‍ കഴിയും എന്ന മനസുറപ്പുണ്ടെന്ന് ശില്പശാലയില് പങ്കെടുത്ത അധ്യാപകര്‍ ഒന്നടങ്കം പറയുന്നു.
അല്‍പ്പം ചെറുത്; എന്നാല്‍ വലുത്
ദൈനംദിന ജീവിതത്തില്‍ നേരിടുന്ന ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്ന ഉപകരണങ്ങളാണ് ശില്പശാലയുടെ ഭാഗമായി നിര്‍മ്മിച്ചത്. ഗ്യാസ് ലിക്ക് ഡിറ്റക്ടര്‍, ബസ് സ്റ്റോപ്പ് അലാറം, സ്മാര്‍ട്ട് സോക്കറ്റ്, സ്മാര്‍ട്ട് കോളിങ് ബെല്‍, സെല്‍ വാട്ടറിങ് സിസ്റ്റം, ലിസാര്‍ഡ് റിപ്പല്ലര്‍, ഓട്ടോമാറ്റിക് ലെക്ചര്‍ നോട് ട്രാക്കിങ് സിസ്റ്റം, സ്്മാര്‍ട്ട് അയണ്‍ ബോക്സ്, നീ എക്സസൈസര്‍ എന്നിങ്ങനെ ലളിതവും നിത്യജീവിതത്തില്‍ ഉപകാരപ്രദവുമായ പ്രൊഡക്ടുകള്‍. ഇതില്‍ ചിലതെല്ലാം അധികം വൈകാതെ തന്നെ മാര്‍ക്കറ്റില്‍ ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വിപ്ലവകരമായ മാറ്റത്തിലേക്ക്
കേരളത്തിലെ എന്‍ജിനീയറിങ് കോളേജുകളിലെ മുഴുവന്‍ അധ്യാപകരേയും ഇത്തരത്തില്‍ സജ്ജരാക്കാനുള്ള പരിശ്രമത്തിലാണ് കേരള സാങ്കേതിക സര്‍വകലാശാല. ഇതിന്റെ ഭാഗമായി സപ്തംബറില്‍ വിപുലമായ രീതിയില്‍ മറ്റൊരു ശില്പശാല കൂടി നടത്താനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്.
അങ്കമാലി ഫിസാറ്റിന് തന്നെയാണ് ശില്പശാലയുടെ ചുമതല. തങ്ങള്‍ മുന്നോട്ട് വച്ച ആശയം സര്‍വകലാശാല അംഗീകരിച്ചതില്‍ സന്തോമുണ്ടെന്നും അധ്യാപകരെ സംരംഭകരാക്കുന്ന ചാലകശക്തിയായി ഫിസാറ്റ് സംരംഭക കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും ഫിസാറ്റ് ചെയര്മാന് പോള്‍ മുണ്ടാടന്‍ പറഞ്ഞു.
ഇതൊരു തുടക്കമാണ്... എന്‍ജിനീയറിങ്ങിന്റെ സ്ഥിരം വഴികളില്‍ നിന്ന് മാറി ചിന്തിക്കുന്നവര്‍ക്ക് ആത്മവിശ്വാസമേകുന്ന തുടക്കം... കേരളത്തിലെ എന്‍ജിനീയറിങ് പഠനസമ്പ്രദായത്തെ പൊളിച്ചെഴുതാനുള്ള വലിയ ഉദ്യമത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്.