തിരുവനന്തപുരം: യുവ സംരംഭകര്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) നടത്തുന്ന സംരംഭകത്വ ഉച്ചകോടിയായ 'യെസ്' സെപ്റ്റംബര്‍ 12 ന് കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യുവ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്ന 'ഡിസ്‌റപ്ട'് (ഡിസ്‌ക്കവര്‍ ആന്‍ഡ് ഡെവലപ്പ്) എന്ന ആശയവുമായിട്ടാണ് ഉച്ചകോടി നടക്കുന്നത്. യെസ് ഉച്ചകോടിയുടെ മൂന്നാം പതിപ്പാണ് നടക്കാന്‍ പോകുന്നത്.

കാര്‍ഷിക ഭക്ഷ്യ സംസ്‌ക്കരണ മേഖല, ജൈവ സാങ്കേതികവിദ്യ, ബയോ മെഡിക്കല്‍ സാങ്കേതികവിദ്യ, ഭാവിയിലേക്കുള്ള സാങ്കേതിക വിദ്യകള്‍ തുടങ്ങി സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഉച്ചകോടി വേദിയാകും. 

സംസ്ഥാനത്തിനു പുറത്തു നിന്നുള്ള മികച്ച വിജയം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ മേധാവികള്‍, വെഞ്ചര്‍ കാപ്പിറ്റല്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് സംസ്ഥാനത്തു നിന്നുള്ളവരുമായി സംവദിക്കാനും അവസരമൊരുക്കും. 

സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വരുമായി ആശയ വിനിമയവും നടത്തും.

യുവ സംരംഭകരുടെ നവീനമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന പ്രദര്‍ശനമായിരിക്കും യെസ് 2017 ലെ മറ്റൊരു ആകര്‍ഷണം. തേങ്ങ പറിക്കുന്ന ഡ്രോണുകള്‍ മുതല്‍ റോബോട്ടുകളും പ്രദര്‍ശനത്തിലുണ്ടാകും. സെപ്റ്റംബര്‍ 12 ന് ഉച്ചയ്ക്ക് 12 മുതല്‍ പൊതുജനങ്ങള്‍ക്കു പ്രദര്‍ശനം കാണാന്‍ അവസമുണ്ടാകും. 

സംസ്ഥാനത്തെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ സംരംഭകത്വാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കെ.എസ്.ഐ.ഡി.സി. 2014 ല്‍ ആണ് യെസ് എന്ന യുവ സംരംഭകത്വ ഉച്ചകോടി ആദ്യമായി അവതരിപ്പിച്ചത്. സംസ്ഥാനത്തെ നവീനാശയങ്ങളുള്ള യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ സംരംഭക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പശ്ചാത്തലം ഒരുക്കുക എന്നതായിരുന്നു യെസ് - ആദ്യ പതിപ്പിലൂടെ ലക്ഷ്യമിട്ടിരുന്നത്. 

ജോലി തേടുന്നവര്‍ എന്നതില്‍ നിന്ന് ജോലി നല്‍കുന്നവര്‍ എന്ന നിലയിലേക്ക് ചിന്തിക്കാന്‍ വിജയം വരിച്ച സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായും ബിസിനസുകാരുമായും വെഞ്ചര്‍ കാപ്പിറ്റല്‍ മേഖലയിലുമുള്ളവരുമായുമെല്ലാം നേരിട്ട് ആശയ വിനിമയം നടത്താനും ചിന്തകള്‍ പങ്കുവെക്കാനും ഇന്‍ക്യൂബേറ്റര്‍മാരുമായും നിക്ഷേപകരുമായും ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കാനുതകുന്ന 'കൊളാബറേറ്റിങ് ആന്റ് നെറ്റ് വര്‍ക്കിങ് എന്ന പ്രമേയമായിരുന്നു രണ്ടാമത്തെ യേസ് ഉച്ചകോടിയില്‍ മുന്നോട്ടു വെച്ചിരുന്നത്.

വിവരങ്ങള്‍ക്ക്: http://yeskerala.org/