കോഴിക്കോട്: വടക്കന്‍കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായവുമായി സര്‍ക്കാര്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി.). കോര്‍പ്പറേഷന്റെ സീഡ് ഫണ്ടില്‍നിന്ന് പുതിയ സംരംഭകര്‍ക്ക് സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം രൂപ വായ്പ നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. എം. ബീന പത്രസമ്മേളനത്തില്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ കുറവ് മലബാറില്‍നിന്നാണ്. ഈ വിടവ് നികത്തുകയാണ് ലക്ഷ്യം. പത്തുകോടി രൂപ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. മലബാറില്‍നിന്നുള്ള സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കും. ബിസിനസ് മുന്നോട്ടുകൊണ്ടുപോവാനുള്ള മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പുതുമയുള്ളതാണോ എന്നറിയാന്‍ കൊച്ചിന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഐ.ടി.സംരംഭങ്ങള്‍ക്കുപുറമേ എല്ലാ നൂതന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കും.

കോഴിക്കോട്ട് നടത്തിയ യുവസംരംഭകരുടെ സംഗമത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളടക്കം 168 പേര്‍ പങ്കെടുത്തു. പതിനഞ്ച് പേര്‍ നൂതന ആശയങ്ങളുമായെത്തി. പുതിയ തെങ്ങുകയറ്റയന്ത്രം, കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ വിപണനം നടത്താനുള്ള സോഫ്‌റ്റ്വേര്‍ എന്നിവയാണ് പ്രധാനമായും അവതരിപ്പിച്ചത്. താത്പര്യമുള്ളവരെ കണ്ടെത്തി ഇതിന്റെ തുടര്‍ച്ച ഇനിയുമുണ്ടാവുമെന്നും എം. ബീന പറഞ്ഞു.

കോഴിക്കോട് യു.എല്‍.സൈബര്‍ പാര്‍ക്കില്‍ ഐ.ടി. സംരംഭകര്‍ക്കായി ഇന്‍കുബേഷന്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. 5000 ചതുരശ്രയടി സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്. ഇവിടെ 10 കന്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ജനറല്‍ മാനേജര്‍ കെ.ജി. അജിത്കുമാര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.