കൊച്ചി: ഭാവിയുടെ സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതി. പുതു സാങ്കേതിക രംഗത്ത് വര്‍ധിച്ചുവരുന്ന അവസരങ്ങള്‍ കണക്കിലെടുത്താണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ നീക്കം.

വിര്‍ച്വല്‍ റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ മേഖലകളില്‍ നിന്നുള്ള സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പുതു സാങ്കേതികത പ്രോത്സാഹിപ്പിക്കാന്‍ തിരുവനന്തപുരത്ത് ഫ്യൂച്ചര്‍ ലാബുകള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ തുറന്നിട്ടുണ്ട്. കോളേജുകളിലേക്ക് ഉള്‍പ്പെടെ ഇത് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥ് പറഞ്ഞു.

വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയ്‌ക്കൊപ്പം റോബോട്ടിക്‌സിനും ഫ്യൂച്ചര്‍ ലാബുകള്‍ പ്രാധാന്യം നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇതിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. സ്റ്റാര്‍ട്ടപ്പുകള്‍ ഈ മേഖലയില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ തന്നെ ഇത്തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ വ്യത്യസ്തമായ ആശയങ്ങളുമായി എത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം മാര്‍ഗ നിര്‍ദേശത്തിനായി പരിശീലനവും മറ്റും സ്റ്റാര്‍ട്ടപ്പ് മിഷന്റെ പരിഗണനയിലുണ്ട്.

ഇലക്ട്രോണിക്‌സ് രംഗത്തെ ഗവേഷണവികസന പ്രവര്‍ത്തനങ്ങളാണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റൊരു മേഖല. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സീഡ് ഫണ്ട് ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കും. ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്തെ ഗവേഷണത്തിനും വികസനത്തിനും വന്‍കിട വ്യവസായങ്ങള്‍ക്കിടയില്‍ സാധ്യതകളേറെയുണ്ട്. ഇതു ലക്ഷ്യമിട്ടാണ് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നത്.

പുതു ശേഷികളുള്ളവരെയാണ് മാറുന്ന സാഹചര്യത്തില്‍ കമ്പനികള്‍ക്ക് ആവശ്യമെന്ന് നാസ്‌കോം (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്‌റ്റ്വേര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ്) അടുത്തിടെ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേരെ പുതു സാങ്കേതിക വിദ്യയില്‍ സജ്ജരാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതു സാങ്കേതിക മേഖലകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പുതിയ ഐ.ടി. നയവും ഉറപ്പു നല്‍കുന്നുണ്ട്.